കൊൽക്കത്ത: ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള ഒരുക്കങ്ങൾക്കിടെ ടൂർണമെന്റിന്റെ പ്രധാന വേദികളിലൊന്നായ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ തീപിടുത്തം. തീപിടുത്തം ഉണ്ടായെന്ന വാർത്ത പുറത്ത് വന്നയുടനെ അഗ്നിരക്ഷാ സേനയും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ അധികൃതരും സ്ഥലത്തെത്തി. കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാകുന്നതിന് മുന്നേ തീ കെടുത്താൻ സാധിച്ചതായി അധികൃതർ അറിയിച്ചു.
ഈഡൻ ഗാർഡൻസിലെ ഡ്രസ്സിംഗ് റൂമിലായിരുന്നു തീപിടുത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് വിവരം. ലോകകപ്പിന്റെ സെമി ഫൈനൽ വേദിയാണ് ഈഡൻ ഗാർഡൻസ്.
ബംഗാൾ ടീമിലെ താരങ്ങൾ പരിശീലനം പൂർത്തിയാക്കി മടങ്ങിയ ശേഷമായിരുന്നു തീപിടുത്തം ഉണ്ടായത്. നിലവിൽ സ്റ്റേഡിയത്തിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും സംഭവം ലോകകപ്പ് മത്സരങ്ങളുടെ നടത്തിപ്പിനെ യാതൊരു തരത്തിലും ബാധിക്കില്ലെന്നും ബംഗാൾ ക്രിക്കൻ അസോസിയേഷൻ വ്യക്തമാക്കി.
ലോകകപ്പിലെ നാല് ലീഗ് മത്സരങ്ങൾ ഈഡൻ ഗാർഡൻസിൽ വെച്ച് നടക്കുന്നുണ്ട്. ഒക്ടോബർ 28ലെ ബംഗ്ലാദേശ്- നെതർലൻഡ്സ് മത്സരം, ഒക്ടോബർ 31ലെ ബംഗ്ലാദേശ്- പാകിസ്താൻ മത്സരം, നവംബർ 5ലെ ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരം, നവംബർ 11ലെ ഇംഗ്ലണ്ട്- പാകിസ്താൻ മത്സരം എന്നിവയുടെ വേദിയാണ് ഈഡൻ ഗാർഡൻസ്.
ലോകകപ്പ് മത്സരങ്ങളുമായി ബന്ധപ്പെട്ട് ഈഡൻ ഗാർഡൻസിന്റെ ചരിത്രം അത്ര സുഖകരമല്ല. 1987ലെ മത്സരത്തിനിടെ ഇവിടത്തെ പടുകൂറ്റൻ ഇലക്ട്രിക് സ്കോർ ബോർഡ് പണി മുടക്കിയത് വിവാദമായിരുന്നു. 1996ലെ സെമി ഫൈനൽ മത്സരം കാണികൾ കലാപമുണ്ടാക്കിയതിനെ തുടർന്ന് പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. മതിയായ തയ്യാറെടുപ്പുകൾ നടത്താത്തതിനെ തുടർന്ന് 2011ലെ ഇന്ത്യ- ഇംഗ്ലണ്ട് മത്സരം ബംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് മാറ്റിയിരുന്നു.
Discussion about this post