എറണാകുളം: ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിനെതിരെ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംവിധായകൻ ലിജീഷ് മുള്ളേഴത്താണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ഹർജിയിൽ കഴിഞ്ഞ ദിവസം കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു.
ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ ഇടപെടൽ ഉണ്ടായതായി ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ലിജീഷ് ഹൈക്കോടതിയെ സമീപിച്ചത്. പുരസ്കാര നിർണയം റദ്ദാക്കണം എന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ചെയർമാന്റെ ഇടപെടലിനെ തുടർന്ന് പല ചിത്രങ്ങളും തഴയപ്പെട്ടു. പുരസ്‌കാര നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടതിന് തെളിവുണ്ട്. അതിനാൽ പുരസ്‌കാര നിർണയം റദ്ദാക്കണം. രഞ്ജിത്ത് ചെയർമാൻ സ്ഥാനം രാജി വയ്ക്കണം എന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
ജസ്റ്റിസ് ബസന്ത് ബാലാജിയുടെ ബെഞ്ച് മുൻപാകെയാണ് ഹർജി. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോഴായിരുന്നു വിഷയത്തിൽ സർക്കാരിനോട് വിശദീകരണം തേടിയത്. ഇത് പ്രകാരം സർക്കാർ ഇന്ന് വിശദീകരണം നൽകും. ഇത് കൂടി പരിഗണിച്ചാകും കോടതിയുടെ അന്തിമ വിധി.
ഇതിനിടെ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയെ കക്ഷി ചേർക്കാൻ ഹർജിക്കാരൻ അപേക്ഷ നൽകിയിട്ടുണ്ട്. ഹൈക്കോടതിയുടെ നിർദ്ദേശം അനുസരിച്ചാണ് ഹർജിക്കാരന്റെ അപേക്ഷ. സംവിധായകൻ വിനയൻ, ജൂറി അംഗം ജെൻസി ഗ്രിഗറി എന്നിവരെയും കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ.
Discussion about this post