തിരുവനന്തപുരം : മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയേയും മകളെയും പിന്തുണച്ചു കൊണ്ട് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ രംഗത്ത്. വിവാദത്തിന് പിന്നില്‍ മറ്റ് അജന്‍ഡകള്‍ ഉണ്ടെന്നും വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മറുപടിയെ ഭയന്നാണ് പ്രതിപക്ഷം നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാത്തതെന്നും ബാലന്‍ പറഞ്ഞു. പിണറായി പണം വാങ്ങിയെന്നു കമ്പനി പറഞ്ഞിട്ടുണ്ടോ? വീണയോട് ആദായനികുതിവകുപ്പ് കാര്യങ്ങള്‍ ചോദിച്ചിട്ടുണ്ടോ എന്നും ചോദിച്ച് മാദ്ധ്യമങ്ങളോട് ക്ഷുഭിതനാകുകയായിരുന്നു അദ്ദേഹം.
‘നിയമപരമായി രജിസ്റ്റര്‍ ചെയ്ത രണ്ടു കമ്പനികള്‍ ഒരു സേവനത്തിനായി പരസ്പരം കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുമ്പോള്‍ ബന്ധപ്പെട്ട കരാറിന്മേല്‍ എന്തെങ്കിലും ലംഘനം നടന്നിട്ടുണ്ടേല്‍ ആ കമ്പനി അല്ലെ പരാതിയുമായി മുന്നോട്ട് പോകുക. എന്നാല്‍ ആദായനികുതി വകുപ്പിനു മുന്നില്‍ അങ്ങനെയാരെങ്കിലും പരാതിക്കാരുണ്ടോ? ആദായനികുതി വകുപ്പിനെ സംബന്ധിച്ചിടത്തോളം പത്തു രൂപ പോലും നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയില്ല. പണം മുഴുവന്‍ കൈമാറിയിരിക്കുന്നത് ചെക്ക് ഉപയോഗിച്ച് ബാങ്ക് വഴിയാണ്. അതുകൊണ്ടുതന്നെ കള്ളപ്പണം വെളുപ്പിച്ചെന്ന ഒരു പരാതി ഉന്നയിക്കാന്‍ ആദായനികുതി വകുപ്പിനാകില്ല’, ബാലന്‍ ചൂണ്ടിക്കാട്ടി.
ഇത്രയും സുതാര്യമായി, നിയമപരമായി ഉണ്ടാക്കിയിട്ടുള്ള ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ രണ്ടു കമ്പനികള്‍ നിയമപരമായി ഉണ്ടാക്കിയ ഒരു എഗ്രിമെന്റില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് അപ്പുറം എന്തെങ്കിലും തെറ്റ് മുഖ്യമന്ത്രിയുടെ മകളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ച ബാലന്‍, വിവാദമുണ്ടാക്കാനായി കുറച്ച് പോര്‍ ഇതൊക്കെ ഏറ്റെടുത്ത് നടക്കുകയാണെന്നും പറഞ്ഞു. “ഇനിയും സേവനം കൊടുക്കും, ആ സേവനത്തിന് അനുസരിച്ചുള്ള മാന്യമായ വേതനവും വാങ്ങും. വീണയുടെ ഭാഗത്തുനിന്നു യാതൊരു നിയമലംഘനവും ഉണ്ടായിട്ടില്ല”, ബാലന്‍ വ്യക്തമാക്കി.
‘ഇത്തരം വിവാദങ്ങളെ കേരളത്തിലെ ജനങ്ങള്‍ പരമ പുച്ഛത്തോടെയാണ് കാണുന്നത്. പ്രതിപക്ഷം ദിവസവും ഒരോരോ ആരോപണങ്ങള്‍ ഉണ്ടാക്കുന്നു. വിഷയത്തില്‍ അടിയന്തരപ്രമേയം പ്രതിപക്ഷം കൊണ്ടുവരാതിരുന്നത് മുഖ്യമന്ത്രിയുടെ മറുപടിയെ ഭയപ്പെടുന്നതിനാലാണ്. മാസപ്പടി വാങ്ങിയത് ഉമ്മന്‍ ചാണ്ടിയാണ്. അദ്ദേഹത്തിന്റെ മകനോട് പോയി അതേ പറ്റി ചോദിക്കൂ’, ബാലന്‍ പറഞ്ഞു.
കുഴല്‍നാടന്‍ ഈ വിഷയം ഉന്നയിച്ചപ്പോള്‍ പ്രതിപക്ഷത്ത് നിന്ന് 41 അംഗങ്ങളില്‍ നാലു പേര്‍ മാത്രമാണ് ഹാജരായത്. പിണറായിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരായി ശക്തമായ ആക്രമണം നടത്താനായിരുന്നു പ്രതിപക്ഷത്തിന്റെ തീരുമാനമെങ്കില്‍ വിഷയം അടിയന്തരപ്രമേയമായി കൊണ്ടുവരാമായിരുന്നല്ലോ എന്നും അദ്ദേഹം ചോദിക്കുന്നു. കൊണ്‍ഗ്രസിലെ വിഭാഗീയതയുടെ തെളിവാണിതെന്നും വിഷയം അടിയന്തരപ്രമേയമായി കൊണ്ടുവന്ന് ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചാല്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് ഉണ്ടാകുന്ന മറുപടിയെ പറ്റിയവര്‍ക്ക ഭയമുണ്ടെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post