ന്യൂഡൽഹി: കൊളോണിയൽ കാലത്തെ ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതാൻ ഒരുങ്ങി കേന്ദ്രസർക്കാർ. നിയമങ്ങളിൽ സമഗ്ര പരിഷ്‌കരണം നടപ്പിലാക്കുന്നതിനായി ആഭ്യന്തരമന്ത്രി പുതിയ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. ഐപിസി,സിആർപിസി,ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവ അടിമുടി മാറ്റുന്നതാണ് പുതിയ ബിൽ. ഐപിസിക്ക് പകരം ‘ഭാരതീയ ന്യായ സംഹിത’യാണ് പുതിയ നിയമം. ഐപിസിയിൽ 511 സെക്ഷുകൾ ഉണ്ടായിരുന്നതെങ്കിൽ ഭാരതീയ ന്യായ സംഹിതയിൽ 356 സെക്ഷനുകളാണ് ഉണ്ടാവുക. 175 സെക്ഷനുകൾ ഭേദഗതി ചെയ്യും. സിആർപിസിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാ സഹിംത എന്ന പേരിലാണ് പുതിയ നിയമം അവതരിപ്പിച്ചിട്ടുള്ളത്. ഇന്ത്യൻ തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ എന്ന പേരിൽ നിയമം വരും. ചെറിയ കുറ്റങ്ങൾക്ക് നിർബന്ധിത സാമൂഹ്യ സേവനവും നിർദ്ദേശത്തിലുണ്ട്.
ബ്രിട്ടീഷുകാർ കൊണ്ടുവന്ന രാജ്യദ്രോഹ നിയമം(ഐപിസിയുടെ 124 എ വകുപ്പ്) റദ്ദാക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. രാജ്യദ്രോഹം എന്ന വാക്ക് നിർദ്ദിഷ്ട നിയമത്തിലില്ല.ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ അപകടപ്പെടുത്തുന്ന നിയമങ്ങളായി പുതിയ സംഹിതയിൽ മാറ്റുമെന്നാണ് റിപ്പോർട്ടുകൾ. ‘ആരെങ്കിലും, മനഃപൂർവ്വം അല്ലെങ്കിൽ അറിഞ്ഞുകൊണ്ട്, വാക്കുകളിലൂടെയോ, സംസാരിക്കുന്നതോ എഴുതിയതോ, അടയാളങ്ങളിലൂടെയോ, ദൃശ്യമായ പ്രതിനിധാനം വഴിയോ, ഇലക്ട്രോണിക് ആശയവിനിമയത്തിലൂടെയോ അല്ലെങ്കിൽ സാമ്പത്തിക മാർഗങ്ങളിലൂടെയോ, അല്ലെങ്കിൽ വേർപിരിയൽ അല്ലെങ്കിൽ സായുധ കലാപം അല്ലെങ്കിൽ അട്ടിമറിക്ക് ആവേശം പകരുകയോ ശ്രമിക്കുകയോ ചെയ്യുന്നു. വിഘടനവാദ പ്രവർത്തനങ്ങളുടെ വികാരങ്ങൾ പ്രോത്സാഹിപ്പിക്കുകയോ ഇന്ത്യയുടെ പരമാധികാരത്തിനോ ഐക്യത്തിനോ അഖണ്ഡതയ്ക്കോ അപകടമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ, അല്ലെങ്കിൽ അത്തരം പ്രവൃത്തികളിൽ ഏർപ്പെടുകയോ ചെയ്യുകയോ ചെയ്താൽ ജീവപര്യന്തം തടവോ ഏഴു വർഷം വരെ തടവോ പിഴയോ ആവും ഇനി മുതൽ ശിക്ഷ.
ആൾക്കൂട്ടക്കൊലയിലെ പ്രതികൾക്ക് വധശിക്ഷ നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. പുതിയ ക്രിമിനൽ നിയമത്തിൽ കൊലപാതകത്തിന്റെ കൂട്ടത്തിലാണ് ആൾക്കൂട്ട ആക്രമണങ്ങളും ഉൾപ്പെടുത്തിയിട്ടുള്ളത്. ഏഴു വർഷം തടവുശിക്ഷ തൊട്ട് വധശിക്ഷ വരെ ഉൾപ്പെടുന്നതാണ് ഇതിനുള്ള ശിക്ഷ. കൊലപാതകത്തിനു വധശിക്ഷയും ജീവപര്യന്തം തടവും പിഴയുമാണു പുതിയ നിയമത്തിൽ നിർദേശിക്കുന്നത്.ജാതി, സമുദായം, വംശം, ലിംഗം, ദേശം, ഭാഷ, വിശ്വാസം ഉൾപ്പെടെയുള്ള എന്തെങ്കിലും കാരണത്തിന്റെ പേരിൽ അഞ്ചോ അതിൽ കൂടുതലോ ആളുകൾ ചേർന്ന് ഒരാളെ മർദിച്ചാൽ വധശിക്ഷയോ ജീവപര്യന്തം തടവുശിക്ഷയോ ലഭിക്കുമെന്നു പുതിയ നിയമത്തിൽ പറയുന്നു. ചുരുങ്ങിയത് ഏഴു വർഷത്തിൽ കുറയാത്ത തടവുശിക്ഷയും പിഴയും ലഭിക്കും.
ബലാത്സംഗത്തിനുള്ള ശിക്ഷയിൽ മാറ്റം വരുത്താനും പുതിയ ബില്ലുകൾ നിർദ്ദേശിക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകാനുള്ള വ്യവസ്ഥകൾ ഉണ്ടാകും. കൂട്ടബലാത്സംഗത്തിന് 20 വർഷം തടവും നിർദ്ദേശത്തിലുണ്ട്. ‘സ്വാഭാവിക ജീവിതത്തിനുള്ള തടവ്’ എന്നാണ് ജീവപര്യന്തം തടവ് എന്ന പദത്തെ നിർവചിച്ചിരിക്കുന്നത്. പത്ത് വർഷത്തിൽ കുറയാത്ത, എന്നാൽ ജീവപര്യന്തം വരെ നീണ്ടേക്കാവുന്ന കഠിനമായ തടവുശിക്ഷയോടെ ശിക്ഷിക്കപ്പെടും ബലാത്സംഗത്തെ അതിജീവിച്ചവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയാൽ ശിക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളും ഇതിലുണ്ടെന്നും അദ്ദേഹം ലോക്സഭയെ അറിയിച്ചു.
ഓഗസ്റ്റ് 16 മുതൽ, സ്വാതന്ത്ര്യത്തിന്റെ 75 മുതൽ 100 വർഷം വരെയുള്ള പാതയിലേക്ക് കടക്കുകയാണ്. അടിമത്ത മാനസികാവസ്ഥ അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞതാണ്. അതിന്റെ ഭാഗമായിട്ടാണ് ഞങ്ങൾ ഐപിസി (1857), സിആർപിസി (1858), ഇന്ത്യൻ എവിഡൻസ് ആക്ട് (1872) എന്നിവ അവസാനിപ്പിക്കുന്നത്. 19-ാം നൂറ്റാണ്ട് മുതലുള്ള പഴയ നിയമങ്ങൾ ഗുലാമിയുടെ (അടിമത്വത്തിന്റെ) പ്രതീകമായിരുന്നു’ എന്നും ബിൽ അവതരിപ്പിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു.
Discussion about this post