ന്യൂഡല്‍ഹി : ബ്രിട്ടനിലെ ഖാലിസ്ഥാന്‍ അനുകൂല ഭീകരരെ നേരിടുന്നതിനായി ധനസഹായം പ്രഖ്യാപിച്ചതായി യുകെ സുരക്ഷാ മന്ത്രി ടോം തുഗെന്‍ദാട്ട്. 95000 പൗണ്ടിന്റെ ഫണ്ടാണ് ഖാലിസ്ഥാനികളെ തുരത്തുന്നതിനായി വകമാറ്റിയിട്ടുള്ളത്. ബ്രിട്ടനില്‍ ഖാലിസ്ഥാന്‍ ഭീകരരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് ഈ നടപടി. ന്യൂഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് ടോം ഇക്കാര്യ വെളിപ്പെടുത്തിയത്.
യുകെ സുരക്ഷാ മന്ത്രി ടോം തുഗെന്‍ദാട്ടിന്റെ സുപ്രധാന ത്രിദിന ഇന്ത്യ സന്ദര്‍ശനത്തിനിടെയാണ് ഖാലിസ്ഥാന്‍ അനുകൂല തീവ്രവാദം ഉയര്‍ത്തുന്ന ഭീഷണിയെ പറ്റി ജയശങ്കറുമായി ചര്‍ച്ച നടത്തിയത്. തീവ്രവാദ ആശയങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളി ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇരു രാജ്യങ്ങളും പ്രതിജ്ഞാബന്ധരാണെന്നും ടോം വ്യക്തമാക്കി.
തീവ്രവാദ ആശയങ്ങളുടെ സ്വാധീനം രാജ്യത്ത് വല്ലാതെ ഉയരുന്നുവെന്നും ഇതിനെ നേരിടാനാണ് ധനസഹായം പ്രഖ്യപിച്ചതെന്നും ടോം പറഞ്ഞു. കൂടാതെ യുകെയും ഇന്ത്യയും സംയുക്തമായി നടത്തുന്ന തീവ്രവാദ ടാസ്‌ക് ഫോഴ്സിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് ഇത് സഹായകമാകുമെന്നും ടോം ചൂണ്ടിക്കാട്ടി. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഓഫീസില്‍ നടന്ന പോലെയുള്ള ആക്രമണങ്ങള്‍ ഇനിയുണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും. ഇന്ത്യന്‍ ഹൈക്കമ്മീഷന്റെയും അവിടുത്തെ ജീവനക്കാരുടെയും സുരക്ഷ യുകെ സര്‍ക്കാര്‍ ഉറപ്പ് വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇന്ത്യയും യുകെയും തമ്മില്‍ ആഴത്തിലുള്ള സൗഹൃദമാണ് ഉള്ളത്. അവ ഊട്ടിയുറപ്പിച്ചിരുക്കുന്നത് തങ്ങള്‍ പങ്കിട്ട ഭൂതകാല പൈതൃകത്തിന്‍മേല്‍ അല്ല മറിച്ച്, ഇനി ഒരുമിച്ച് പങ്കിടാന്‍ പോകുന്ന ഭാവിയിന്‍ മേല്‍ ആണ്. പ്രത്യേകിച്ച് തീവ്രവാദം പോലെയുള്ള വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും സംയുക്തമായി ഇടപെടും’, ടോം പറഞ്ഞു.
നാളെ കൊല്‍ക്കത്തയില്‍ നടക്കുന്ന ജി-20 അഴിമതി വിരുദ്ധ മന്ത്രിതല യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ് അദ്ദേഹം. ഇതിനായി കൊല്‍ക്കത്തയിലേക്ക് പോകുന്നതിന് മുമ്പ് ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ടോം തുഗെന്‍ദാട്ട് കൂടിക്കാഴ്ച നടത്തും.
“നമ്മുടെ രാജ്യങ്ങള്‍ തമ്മില്‍ എല്ലായ്‌പ്പോഴും ഒരു അതുല്യമായ ബന്ധമുണ്ട്. അത് സാമ്പത്തികം മാത്രമല്ല. സംയുക്ത തീവ്രവാദ ടാസ്‌ക് ഫോഴ്സ് പോലെയുള്ള സംരംഭങ്ങളിലൂടെ, ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി, ഖാലിസ്ഥാന്‍ അനുകൂല തീവ്രവാദം അടക്കമുള്ള ഭീഷണികള്‍ക്കെതിരെ ഞങ്ങള്‍ ഐക്യത്തോട പെരുമാറും”, ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലിസ് പറഞ്ഞു.
Discussion about this post