.തിരുവനന്തപുരം : യുവ സംവിധായിക നയന സൂര്യന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന മൈഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് അടുത്താഴ്ച ക്രൈം ബ്രാഞ്ചിന് കൈമാറും. മരണത്തിന് കാരണമാകുന്ന മുറിവുകളൊന്നും നയനയുടെ ശരീരത്തില്‍ ഉണ്ടായിരുന്നില്ലെന്നും മയോകാര്‍ഡിയന്‍ ഇന്‍ഫക്ഷനാണ് മരണ കാരണമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മരണം നടന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഉയരുന്ന വിവാദം അംഗീകരിക്കാന്‍ ആവില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി.
അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സംവിധാന സഹായി ആയിരുന്ന നയനയെ 2019 ഫെബ്രുവരി 24നാണ് ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം പെട്ടെന്ന് സംഭവിച്ചതല്ലെന്നും രണ്ടു മുതല്‍ ആറ് മണിക്കൂര്‍ വരെ സമയം എടുത്തിട്ടുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നയന മരിക്കുമ്പോള്‍ മുറി അകത്ത് നിന്ന് പൂട്ടിയിരുന്നതായാണ് ക്രൈ ബ്രാഞ്ചിന്റെ അനുമാനം. മറ്റാരെങ്കിലും മുറിക്കുള്ളില്‍ ഉണ്ടായിരുന്നതായി കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ബാല്‍ക്കണി വഴി മുറിക്കുള്ളില്‍ കയറാനുള്ള സാധ്യത ക്രൈംബ്രാഞ്ച് നേരത്തെ തള്ളിയിരുന്നു. ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടനുസരിച്ച് കഴുത്തിലേറ്റ മുറിവും പാടും അടിവയറ്റിലുണ്ടായ ക്ഷതവുമാണ് മരണകാരണം. എന്നാലിത് പൂര്‍ണ്ണമായും നിഷേധിക്കുകയാണ് മെഡിക്കല്‍ ബോര്‍ഡ്.
എന്നാല്‍ നയനയുടെ മരണം കൊലപാതകം തന്നെയാണെന്ന അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ആദ്യം പോസ്റ്റുമോര്‍ട്ടം ചെയ്ത മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ. കെ ശശികല. ആത്മഹത്യ എന്നത് രണ്ടാമത്തെ സാധ്യത മാത്രമാണെന്നാണ് ശശികല പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പോലീസിനോട് പറഞ്ഞിരുന്നത്. കൊലപാതകമാണെന്ന് സംശയമുണ്ടായിരുന്നതിനാല്‍ താന്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു. നയന കിടന്നിരുന്നതായി പറയുന്ന സ്ഥലത്ത് ഒരു പുതപ്പ് ചെറുതായി ചുരുട്ടിയ നിലയില്‍ കണ്ടിരുന്നു. കൂടാതെ കഴുത്തില്‍ മടക്കിയതു പോലെയുള്ള ചുളിവുമുണ്ടായിരുന്നതായും ശശികല പറഞ്ഞിരുന്നു. മരണത്തിന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം വിവാദമുയര്‍ന്നപ്പോഴാണ് ശശികല ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
Discussion about this post