തിരുവനന്തപുരം : ഈ അധ്യയന വര്‍ഷം സംസ്ഥാന സിലബസ് സ്‌കൂളുകളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തേക്കാള്‍ 86,752 കുട്ടികളുടെ കുറവ്. രണ്ടു വര്‍ഷത്തിനിടെ അരലക്ഷത്തിലധികം കുട്ടികളുടെ കുറവാണ് സംസ്ഥാന സിലബസ് സ്‌കൂളുകളില്‍ ഉണ്ടായിരിക്കുന്നത്.
ഒന്നുമുതല്‍ 10 വരെ ക്‌ളാസുകളിലെ ആറാം പ്രവൃത്തി ദിവസകണക്കെടുപ്പിലാണ് ശ്രദ്ധേയമായ വിവരങ്ങള്‍ പുറത്തുവന്നത്. ഈ അധ്യയനവര്‍ഷം 2,58,149 കുട്ടികളാണ് സംസ്ഥാന സിലബസ് പഠിപ്പിക്കുന്ന വിദ്യാലയങ്ങളിലെ ഒന്നാം ക്‌ളാസിലെത്തിയത്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 10,164 പേരുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2021-22 ല്‍ 3, 48, 741 കുട്ടികള്‍ ഒന്നാം ക്‌ളാസില്‍ ചേര്‍ന്നു. എന്നാല്‍ അതിന് ശേഷം രണ്ട് അധ്യയന വര്‍ഷങ്ങളിലായി അരലക്ഷത്തോളം കുട്ടികളാണ് ഒന്നാം ക്ലാസില്‍ മാത്രമായി കുറഞ്ഞത്.
കഴിഞ്ഞ വര്‍ഷം 2 ,68, 313 കുട്ടികളാണ് ഒന്നാം ക്‌ളാസിലെത്തിയത്. ജനനനിരക്കിലെ കുറവും മറ്റ് സിലബസ് സ്‌കൂളുകളില്‍ കൂടുതല്‍ കുട്ടികള്‍ ചേരുന്നതുമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ സ്‌കൂളുകളില്‍ എറണാകുളം, കോട്ടയം ഒഴികെ ബാക്കി 12 ജില്ലകളിലും കുട്ടികളുടെ കുറവുണ്ട്. പാലക്കാടൊഴികെ 13 ജില്ലകളിലും എയ്ഡഡ് സ്‌കൂളുകളിലും എണ്ണം താഴേക്ക് പോയി.
എന്തായാലും ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ സമഗ്ര വിദ്യാഭ്യാസ യജ്ഞം മുതല്‍ പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കൂടി എന്ന അവകാശവാദം ഇതോടെ ഇല്ലാതാവുകയാണ്.
Discussion about this post