ആലപ്പുഴ: കാണികളെ ആവേശക്കൊടുമുടിയിലാക്കിയ 69 ാമത് നെഹ്രു ട്രോഫി വള്ളംകളിയിൽ ഫോട്ടോ ഫിനിഷിലൂടെ ജേതാക്കളായി വീയപുരം ചുണ്ടൻ. അഞ്ച് ഹീറ്റ്സിലായി മികച്ച സമയം കുറിച്ച മറ്റ് നാലുചുണ്ടൻ വള്ളങ്ങളെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് വീയപുരം ചുണ്ടൻ ഒന്നാമതെത്തിയത്. ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനത്ത്. നടുഭാഗം മൂന്നാം സ്ഥാനത്തും നിലവിലെ ചാമ്പ്യൻമാരായ കാട്ടിൽതെക്കേതിൽ നാലാം സ്ഥാനത്തും
എത്തി.
ഹീറ്റ്സ് മത്സരങ്ങളിൽ മികച്ച സമയം കുറിച്ച നാല് ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിൽ മാറ്റുരച്ചത്. ഹീറ്റ്സ് മത്സരങ്ങളിൽ, ആദ്യ ഹീറ്റ്സിൽ വീയപുരം ചുണ്ടൻ (പിബിസി പള്ളാത്തുരുത്തി ബോട്ട് ക്ലബ്) ഒന്നാമതെത്തി. രണ്ടാം ഹീറ്റ്സിൽ നടുഭാഗം ചുണ്ടൻ (യുബിസി കൈനകരി), മൂന്നാം ഹീറ്റ്സിൽ കാട്ടിൽ തെക്കേതിൽ, (കെപിബിസി കേരള) നാലാം ഹീറ്റ്സിൽ തലവടി (ടിബിസി തലവടി), അഞ്ചാം ഹീറ്റ്സിൽ നിരണം എൻസിഡിസി എന്നിവരായിരുന്നു ഒന്നാമതെത്തിയത്.
പള്ളാത്തുരുത്തി ബോട്ട് ക്ലബിന് ഇത് തുടർച്ചയായ നാലാം വിജയമാണ്. കഴിഞ്ഞ തവണ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടനിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഹാട്രിക് തികച്ചത്. കഴിഞ്ഞ തവണ പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ മൂന്നാമതായിരുന്നു.
Discussion about this post