ഇസ്ലാമാബാദ്: പാകിസ്താന്റെ കാവൽ പ്രധാനമന്ത്രിയായി സെനറ്റർ അൻവാറുൽ ഹഖ് കാകറിനെ നിയമിച്ചു. രാജ്യം തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് കാവൽ പ്രധാനമന്ത്രിയായി ഇദ്ദേഹത്തെ നിയമിച്ചത്. നിലവിലെ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് രാജിവച്ച് ഒഴിയുകയാണ്. ഷഹ്ബാസ് ഷരീഫും പ്രതിപക്ഷ നേതാവ് രാജ റിയാസും തമ്മിൽ നടത്തിയ ചർച്ചയിലാണ് കാവൽ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തത്. 2018 ൽ രൂപീകരിച്ച ബലൂചിസ്ഥാൻ അവാമി പാർട്ടി നേതാവാണ് കാകർ.
അന്താരാഷ്ട്ര തലത്തിൽ ഏറെ കേട്ടുപരിചയമുള്ള രാഷ്ട്രീയ നേതാവല്ല കാകർ. ബലൂചിസ്ഥാൻ പ്രവിശ്യക്കാരനാണ് ഇദ്ദേഹം.പുതിയ ഇടക്കാല പ്രധാനമന്ത്രി കാകർ 2018-ൽ ബലൂചിസ്ഥാനിൽ നിന്നുള്ള ഒരു സ്വതന്ത്ര സെനറ്ററായാണ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്., അദ്ദേഹത്തിന്റെ ആറ് വർഷത്തെ കാലാവധി 2024 മാർച്ചിൽ അവസാനിക്കാനിരിക്കെയാണ് കാവൽ പ്രധാനമന്ത്രി പദം തേടിയെത്തിയത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ രൂപീകരിക്കും വരെ കാകർ തുടരും. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പൊതുതിരഞ്ഞെടുപ്പ് നടത്തുന്നത് പാകിസ്താന് അധിക ബാധ്യതയാണെന്ന ആരോപണവും ഉയരുന്നുണ്ട്.
പാകിസ്താന്റെ പാർലമെന്റ് കഴിഞ്ഞ ദിവസം ഷഹ്ബാസ് ഷരീഫ് സർക്കാർ പിരിച്ചുവിട്ടിരുന്നു. പാർലമെന്റ് പിരിച്ചുവിട്ടാൽ 90 ദിവസങ്ങൾക്കകം തിരഞ്ഞെടുപ്പ് നടത്തണം എന്നാണ് നിയമം.
Discussion about this post