ന്യൂഡൽഹി: സ്കൂൾ ക്ലാസുകളിലേക്ക് വേണ്ട പാഠപുസ്തങ്ങൾ തയ്യാറാക്കാനുള്ള ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിലിന്റെ പാനലിൽ സുപ്രസിദ്ധ സാഹിത്യകാരി സുധാ മൂർത്തി, സംഗീതജ്ഞൻ ശങ്കർ മഹാദേവൻ, സാമ്പത്തിക വിദഗ്ധൻ സഞ്ജീവ് സന്യാൽ എന്നിവർ ഉൾപ്പെടെ 19 പേരുടെ പട്ടിക തയ്യാറാക്കി കേന്ദ്രം. പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷണൽ പ്ലാനിംഗ് ആൻഡ് അഡ്മിനിസ്ട്രേഷൻ ചാൻസലർ എം സി പന്ത് അദ്ധ്യക്ഷനായ പാനലിനാണ് മൂന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നതിനുള്ള ചുമതല. പാഠപുസ്തകങ്ങൾക്ക് പുറമേ പഠനോപകരണങ്ങൾ, അദ്ധ്യയന മാന്വലുകൾ, പരിശീലന പുസ്തകങ്ങൾ എന്നിവ ഉൾപ്പെടെ എൻ സി ഇ ആർ ടി തയ്യാറാക്കുന്ന എല്ലാ പുസ്തകങ്ങളും നാഷണൽ സിലബസ് ആൻഡ് ടീച്ചിംഗ് ലേണിംഗ് മെറ്റീരിയൽ കമ്മിറ്റി എന്ന പേരിൽ രൂപീകൃതമായിരിക്കുന്ന ഈ സമിതിയുടെ മേൽനോട്ടത്തിലായിരിക്കും തയ്യാറാക്കപ്പെടുക.
2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കെ കസ്തൂരിരംഗൻ അദ്ധ്യക്ഷനായ സമിതി തയ്യറാക്കിയ മാർഗനിർദേശങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും പാഠപുസ്തക സമിതി പ്രവർത്തിക്കുക. പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനായുള്ള മാർഗനിർദേശങ്ങളുടെ ഡ്രാഫ്റ്റ് കഴിഞ്ഞ ഏപ്രിലിൽ പുറത്ത് വിട്ടിരുന്നു. ഇതിന്റെ അന്തിമ രൂപരേഖ നിലവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
പ്രിൻസ്റ്റൺ സർവകലാശാലയിലെ ഗണിതശാസ്ത്ര വിഭാഗം പ്രൊഫസർ മഞ്ജുൾ ഭാർഗവ് ആയിരിക്കും പാഠപുസ്തക സമിതിയുടെ സഹചെയർമാൻ. ഗണിതശാസ്ത്രജ്ഞ സുജാത രാംദൊരൈ, ബാഡ്മിന്റൺ താരം യു വിമൽ കുമാർ, സെന്റർ ഫോർ പോളിസി സ്റ്റഡീസ് അദ്ധ്യക്ഷൻ എം ഡി ശ്രീനിവാസ്, ഭാരതീയ ഭാഷാ സമിതി അദ്ധ്യക്ഷൻ ചാമു കൃഷ്ണ ശാസ്ത്രി തുടങ്ങിയവരും സമിതിയിൽ അംഗങ്ങളാണ്.
Discussion about this post