ഭോപ്പാൽ: മദ്ധ്യപ്രദേശ് സർക്കാരിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാജവാർത്ത പ്രചരിപ്പിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ. പ്രിയങ്കക്കെതിരെ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഒരു വിഭാഗം ബിജെപി നേതാക്കളാണ് രംഗത്ത് വന്നിരിക്കുന്നത്. മദ്ധ്യപ്രദേശ് സർക്കാർ അഴിമതി നടത്തുന്നു എന്നായിരുന്നു ഫേസ്ബുക്കിലൂടെയുള്ള പ്രിയങ്കയുടെ ആരോപണം.
ആരോപണം ഉന്നയിച്ച പ്രിയങ്ക അതിനെ സാധൂകരിക്കുന്ന തെളിവ് നൽകണമെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തര വകുപ്പ് മന്ത്രി നരോത്തം മിശ്ര ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം നിയമ നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രിയങ്ക പ്രചരിപ്പിച്ച കത്ത് വ്യാജമാണെന്ന് മദ്ധ്യപ്രദേശ് ബിജെപി അദ്ധ്യക്ഷൻ വി ഡി ശർമ്മയും വ്യക്തമാക്കി.
നിർമ്മാണ പ്രവർത്തനങ്ങൾക്ക് മദ്ധ്യപ്രദേശ് സർക്കാർ അൻപത് ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടു എന്ന് കാട്ടി കരാറുകാർ ഹൈക്കോടതിയിൽ കത്ത് നൽകി എന്നായിരുന്നു പ്രിയങ്കയുടെ ആരോപണം. ഇത് വ്യാജമാണെന്നാണ് ബിജെപി വ്യക്തമാക്കുന്നത്. കത്തിൽ പറയുന്ന കരാറുകാരന്റെ പേര് വെളിപ്പെടുത്തണം എന്നും ബിജെപി ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം നിയമ നടപടിക്ക് തയ്യാറായിക്കൊള്ളാനും ബിജെപി അദ്ധ്യക്ഷൻ വി ഡി ശർമ്മ മുന്നറിയിപ്പ് നൽകുന്നു.
അധികാരക്കൊതി മൂത്ത കോൺഗ്രസ് നുണപ്രചാരണങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു. ആരോപണങ്ങൾ തെളിയിക്കാൻ പ്രിയങ്കയെ വെല്ലുവിളിക്കുന്നതായും ബിജെപി നേതാക്കൾ ആവർത്തിച്ചു.
Discussion about this post