ഒറ്റപ്പാലം : മായന്നൂരിലെ തണൽ ബാലാശ്രമത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശനം നടത്തി. ബാലാശ്രമത്തിന്റെ അധികൃതരുമായി സംസാരിച്ച അദ്ദേഹം കുഞ്ഞുങ്ങളുമായും സമയം ചെലവഴിച്ചു. സേവാഭാരതിയോട് അനുബന്ധമായി പ്രവർത്തിക്കുന്ന നിള ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന സ്ഥാപനമാണ് തണൽ ബാലാശ്രമം.
ഒറ്റപ്പാലത്തിനടുത്ത് ഭാരതപ്പുഴയോട് ചേർന്ന് മായന്നൂരിലാണ് തണൽ ബാലാശ്രമം സ്ഥിതിചെയ്യുന്നത്. പെൺകുട്ടികൾക്ക് വേണ്ടിയുള്ള തണൽ ബാലാശ്രമവും അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്കായുള്ള തണൽ ശിശു മന്ദിരവും ഇവിടെയുണ്ട്. ഇതോടൊപ്പം തന്നെ നിള സേവാസമിതിയുടെ നേതൃത്വത്തിലുള്ള നിളാ വിദ്യാനികേതൻ എന്ന നാലാം ക്ലാസ് വരെയുള്ള വിദ്യാലയവും ബാലാശ്രമത്തിന് അടുത്തായി തന്നെ ഉണ്ട്. 10 വയസ്സ് വരെയുള്ള ആൺകുട്ടികൾക്ക് ആയി തിരുവില്വാമലയിൽ വില്വാദ്രിനാഥ സേവാശ്രമവും അമ്മമാർക്കായി മായന്നൂർ ചിറങ്കരയിൽ തണൽ മാതൃസദനവും നിള സേവാസമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്.
20 വർഷങ്ങൾക്ക് മുമ്പാണ് മായന്നൂരിൽ സേവാഭാരതിയോട് അനുബന്ധമായി നിള സേവാസമിതി രൂപീകരിക്കുന്നത്. 2001ൽ 7 ആൺകുട്ടികളുമായി ആണ് തണൽ ബാലാശ്രമം രൂപം കൊള്ളുന്നത്. ഒരു വർഷത്തിനുള്ളിൽ തന്നെ മൂന്ന് ദിവസം മാത്രം പ്രായമുള്ള ഒരു പെൺകുഞ്ഞിന്റെ സംരക്ഷണ ചുമതല തണലിന് ഏറ്റെടുക്കേണ്ടതായി വന്നു. അതോടെ തണൽ പെൺകുട്ടികളുടേത് കൂടിയായി മാറി. പിന്നീട് ഇതുവരെയായി പതിനാലോളം പെൺകുട്ടികളെ വളർത്തി, പഠിപ്പിച്ചു വിവാഹം കഴിച്ചു കൊടുക്കാൻ വരെ തണലിന് കഴിഞ്ഞു. ഇന്ന് രണ്ടു മാസം മുതൽ അഞ്ചുവയസ്സുവരെ പ്രായമുള്ള 12 കുട്ടികളും അഞ്ചു വയസ്സ് മുതൽ എൻജിനീയറിങ് വിദ്യാർത്ഥിനികൾ വരെ ആയ 88 പെൺകുട്ടികളും തണൽ ബാലാശ്രമത്തിൽ ഉണ്ട്. ശ്രീ വില്വാദ്രിനാഥ സേവാശ്രമത്തിലെ 21 ആൺകുട്ടികളും മാതൃസദനത്തിലെ 21 അമ്മമാരും കൂടി ഉൾപ്പെടുന്നതാണ് ഇന്ന് തണൽ കുടുംബം.
Discussion about this post