ജയ്പൂർ: രാജസ്ഥാനിൽ രജപുത്ര കർണിസേന തലവൻ ഭൻവർ സിംഗിന് പൊതുവേദിയിൽ വെച്ച് വെടിയേറ്റു. ഉദയ്പൂരിൽ സംഘടനയുടെ ഒരു പരിപാടിയിൽ വെച്ചായിരുന്നു അദ്ദേഹം ആക്രമിക്കപ്പെട്ടത്. അക്രമി പിടിയിലായതായും ഇയാളെ ഉടൻ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.
വെടിവെപ്പിൽ നട്ടെല്ലിന് സാരമായി പരിക്കേറ്റ ഭൻവർ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിവെച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ നാട്ടുകാർ പിടികൂടുന്നതിന്റെയും മർദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങൾ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവസ്ഥലത്ത് എത്തിയ പോലീസ് ആൾക്കൂട്ടത്തിന്റെ പിടിയിൽ നിന്നും ഇയാളെ മോചിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇയാളെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം കർണിസേനയെ തകർക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് ആക്രമണമെന്ന് സംഘടന പ്രസ്താവനയിൽ അറിയിച്ചു. വരാനിരിക്കുന്ന രാജസ്ഥാൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി പ്രചാരണ പരിപാടികളാണ് കർണിസേന ആസൂത്രണം ചെയ്തിരിക്കുന്നത്. രാജസ്ഥാനിലെ രജപുത്രരിൽ ഒരു വിഭാഗത്തിന്റെ പിന്തുണയുള്ള സംഘടനയാണ് കർണിസേന.
Discussion about this post