തിരുവനന്തപുരം: സർക്കസ് കാണാൻ വന്ന ദമ്പതികളുടെ കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. സംഭവത്തിൽ ട്രാൻസ്ജൻഡറിനെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണന്തല സ്വദേശി പ്രസാദിന്റെ കുട്ടിയെ ആണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സർക്കസിന് കയറാൻ ആയി കാത്ത് നിൽക്കുകയായിരുന്നു ദമ്പതികളും കുട്ടിയും. പ്രസാദിന്റെ കയ്യിൽ ആയിരുന്നു കുട്ടിയുണ്ടായിരുന്നത്. ഇതിനിടെ പെട്ടെന്ന് പ്രസാദിന്റെ കയ്യിൽ നിന്നും കുട്ടിയെ തട്ടിയെടുത്ത് ഓടാൻ ട്രാൻസ്ജൻഡർ ശ്രമിക്കുകയായിരുന്നു.
എന്നാൽ പ്രസാദ് കുട്ടിയെ കൈവിടാതെ പിടിച്ചു. ഇതിനിടെ ആളുകൾ ഓടിക്കൂടിയപ്പോൾ പ്രതി ഓടിരക്ഷപ്പെട്ടു. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
ദൃക്‌സാക്ഷികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കിഴക്കേകോട്ടയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ട്രാൻസ്ജൻഡർ ഗീതുവാണ് അറസ്റ്റിലായത് എന്ന് പോലീസ് പറഞ്ഞു.












