പാലക്കാട്: ഓണമായിട്ടും കർഷകർക്ക് നെല്ലിന്റെ സംഭരണവില നൽകാത്ത പിണറായി സർക്കാരിന്റെ വഞ്ചനയ്‌ക്കെതിരെ ട്രാക്ടർ റാലിയുമായി ബിജെപി. കർഷക മോർച്ച പാലക്കാട് ജില്ലാ ഘടകമാണ് കളക്ടറേറ്റിലേക്ക് ട്രാക്ടർ റാലി സംഘടിപ്പിച്ചത്. അഞ്ച് മാസത്തിലധികമായി കർഷകർക്ക് സർക്കാർ നെല്ലിന്റെ സംഭരണവില നൽകിയിട്ട്. ഓണമായിട്ടും കർഷകർക്ക് നെല്ലിന്റെ വില നൽകുന്നതിൽ സർക്കാർ ഇതുവരെ അനുകൂല തീരുമാനം പറഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലായിരുന്നു പ്രതിഷേധം.
നൂറുകണക്കിന് ട്രാക്ടറുകൾ അണിനിരത്തി നടത്തിയ പ്രതിഷേധത്തിൽ നിരവധി കർഷകരും പങ്കെടുത്തു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. അന്നത്തിൽ പതിരിടരുത്, പാലക്കാടൻ നെൽകർഷകർക്കൊപ്പം എന്ന മുദ്രാവാക്യവുമായിട്ടായിരുന്നു കർഷക മോർച്ചയുടെ പ്രതിഷേധം.
കേരളത്തിലെ നെൽകർഷകർക്ക് വേണ്ടി ബിജെപി വലിയ സമരത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്ന് കൃഷ്ണകുമാർ പറഞ്ഞു. സംഭരിച്ച നെല്ലിന്റെ വില ചോദിച്ച് കർഷകർ നടത്തുന്ന സമരങ്ങളെ സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. എപ്പോൾ പണം നൽകുമെന്ന് യാതൊരു മറുപടിയും സർക്കാരിനില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബാങ്കുകളുടെ കൺസോർഷ്യവുമായി ചർച്ച നടത്തുമെന്നും പണം നൽകുമെന്നുമായിരുന്നു സർക്കാർ ആദ്യം പറഞ്ഞത്. പിന്നീട് കേരള ബാങ്കുമായി ചർച്ച നടത്തുമെന്ന് പറഞ്ഞു. എന്നാൽ ഒന്നിലും തീരുമാനമായില്ല.
ഓണം കഴിയുന്നതിന് മുൻപ് ഞങ്ങൾ എന്തെങ്കിലും ചെയ്യാനുളള ശ്രമത്തിലാണെന്നാണ് സർക്കാർ ഇപ്പോൾ പറയുന്നത്. എന്നാൽ അതിലും വ്യക്തതയില്ലെന്ന് അദ്ദേഹം സി. കൃഷ്ണകുമാർ പറഞ്ഞു. കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് ചൊല്ല്. എന്നാൽ നെൽകർഷകർ കാണം പോലും വിൽക്കാനുളള സ്ഥിതിയിൽ അല്ലെന്നും സി കൃഷ്ണകുമാർ ചൂണ്ടിക്കാട്ടി.
Discussion about this post