ന്യൂഡൽഹി: 77ാം സ്വാതന്ത്ര്യദിനത്തിൽ ലോകമെമ്പാടുമുളള ഇന്ത്യക്കാർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദിനം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ത്യാഗം ചെയ്തവരെ സ്മരിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ആശംസകൾ നേർന്നത്.
സ്വാതന്ത്ര്യദിനത്തിൽ ഏവർക്കും ആശംസകൾ. ഈ ദിനത്തിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ത്യാഗം ചെയ്ത സമര സേനാനികൾക്ക് ആദരവർപ്പിക്കാം. അവരുടെ ആഗ്രഹങ്ങൾ സഫലമാക്കുമെന്ന ദൃഢ പ്രതിജ്ഞയെടുക്കാം. ജയ് ഹിന്ദ്- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്കായി ഡൽഹിയിലെ ചെങ്കോട്ടയിലേക്ക് തിരിക്കും മുൻപാണ് അദ്ദേഹത്തിന്റെ സന്ദേശം. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യമെമ്പാടും വിപുലമായ ആഘോഷപരിപാടികളാണ് നടക്കുക.
Discussion about this post