ന്യൂഡൽഹി: 77ാ മത് സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വേളയിൽ സ്വാതന്ത്ര്യത്തിനായി ജീവൻ ത്യാഗം ചെയ്തവരെ ഓർക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷമായിരുന്നു അദ്ദേഹം പ്രസംഗം ആരംഭിച്ചത്.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ത്യാഗം ചെയ്തവർക്ക് ആദരാഞ്ജലികൾ. ലോകത്തെ തന്നെ ഏറ്റവും വലിയ ജനാധിപത്യരാജ്യവും ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യവുമാണ് ഇന്ത്യ. ഈ ദിനത്തിൽ തന്റെ കുടുംബത്തിലെ 140 കോടി അംഗങ്ങൾ ഇന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു.
നമ്മുടെ രാജ്യത്തിന് ജനസംഖ്യയുണ്ട്, ജനാധിപത്യമുണ്ട്, വൈവിധ്യങ്ങളുണ്ട്. ഈ മൂന്നിനും ഒന്നിച്ച് ചേർന്ന് രാജ്യത്തിന്റെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ സാധിക്കും. ഇവയ്ക്ക് അതിനുള്ള ശക്തിയുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ 1000 വർഷങ്ങളെക്കുറിച്ചാണ് ഇപ്പോൾ സംസാരിക്കുന്നത്. രാജ്യത്തിന് മുന്നിൽ ഒരിക്കൽ കൂടി അവസരമുണ്ട്. ഈ കാലഘട്ടത്തിൽ നാം ചെയ്യുന്നതെന്തും, നാം സ്വീകരിക്കുന്ന നടപടികളും, എടുക്കുന്ന തീരുമാനങ്ങളും നിർണായകമാണ്. ഇവ അടുത്ത 1000 വർഷത്തിനുള്ളിൽ രാജ്യത്തെ സുവർണ കാലഘട്ടത്തിലേക്ക് നയിക്കും.
രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണ്. സമാധാനത്തിലൂടെ മാത്രമേ തീരുമാനം കൈക്കൊള്ളാൻ കഴിയൂ. മണിപ്പൂരിലെ സ്ഥിതിഗതികൾ ശാന്തമാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രകൃതി ദുരന്തങ്ങൾ നമ്മുടെ രാജ്യത്തിന്റെ പലഭാഗങ്ങളിലും വൻ നാശമാണ് വിതയ്ക്കുന്നത്. ദുരന്തങ്ങൾക്ക് ഇരയായവരോട് സഹാനുഭൂതിയുണ്ട്. എല്ലായ്‌പ്പോഴും സർക്കാർ ഇവർക്കൊപ്പമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post