ന്യൂഡൽഹി: രാജ്യത്തിന്റെ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനത്തിൽ ഗൂഗിൾ ഡൂഡിലിൽ തിളങ്ങി കേരളത്തിന്റെ കസവും. ഇന്ത്യയുടെ വസ്ത്ര വൈവിധ്യം അടയാളപ്പെടുത്തി തയ്യാറാക്കിയ ഡൂഡിലിലാണ് കേരളത്തിന്റെ കസവും ഇടംപിടിച്ചത്. തമിഴ്‌നാട്ടിലെ കാഞ്ചീവരവും ബംഗാളിലെ കാന്തയും ഉത്തർപ്രദേശിലെ ബനാറസി നെയ്ത്തുവസ്ത്രവുമൊക്കെ ചേർത്തുവെച്ചാണ് ഡൂഡിൽ ഒരുക്കിയിട്ടുളളത്.
ഡൽഹി ആസ്ഥാനമായുളള ആർട്ടിസ്റ്റ് നമ്രത കുമാർ ആണ് ഗൂഗിളിന് വേണ്ടി ഡൂഡിൽ തയ്യാറാക്കിയത്. വസ്ത്ര നിർമാണത്തിൽ ഇന്ത്യയുടെ വൈവിധ്യവും കരകൗശല മികവും ഗവേഷണം നടത്തി തയ്യാറാക്കിയതാണ് ഡൂഡിലെന്ന് നമ്രത പറഞ്ഞു. തുണി നെയ്യുന്ന രീതിയും ഇന്ത്യയിൽ നിലവിലുളള പ്രിന്റിംഗ് ടെക്‌നോളജികളും കൈകൊണ്ട് ചിത്രവേല ചെയ്യുന്നതും ഉൾപ്പെടെയുളള കാര്യങ്ങൾ പഠിച്ചാണ് ഡൂഡിൽ ഒരുക്കിയത്.
വസ്ത്ര ഡിസൈനറായിരുന്ന അമ്മയിൽ നിന്നുളള പ്രചോദനമാണ് ഡൂഡിൽ തയ്യാറാക്കാൻ ആശയം നൽകിയതെന്ന് നമ്രത പറഞ്ഞു. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ നിന്നുളള വസ്ത്രങ്ങളും അതിന്റെ വൈവിധ്യവും കണ്ടും അറിഞ്ഞുമാണ് വളർന്നത്. അതുകൊണ്ടു തന്നെ വസ്ത്രങ്ങളിലെ കരകൗശല ജോലികളെക്കുറിച്ച് ആഴത്തിലുളള അറിവ് തനിക്ക് സ്വായത്തമാക്കാനായി. ഭാരതത്തിന്റെ സ്വാതന്ത്ര്യദിനത്തിന് ഡൂഡിൽ തയ്യാറാക്കാൻ ആ അറിവുകൾ ഉപയോഗിക്കുകയായിരുന്നു.
ഇന്ത്യയുടെ വിവിധ മേഖലകളിലെ സാംസ്‌കാരിക വൈവിധ്യം കൂടിയാണ് ഇതിലൂടെ അടയാളപ്പെടുത്തുന്നതെന്നും നമ്രത കൂട്ടിച്ചേർത്തു. ഇന്ത്യയുടെ സമ്പന്നവും വൈവിധ്യവുമായ വസ്ത്ര പാരമ്പര്യം ആഘോഷിക്കാനുളള അവസരം കൂടിയാണ് സ്വാതന്ത്ര്യദിനം. അതുകൊണ്ടാണ് ഇത്തരമൊരു ഡൂഡിൽ ഒരുക്കിയതെന്നും നമ്രത പറഞ്ഞു.
Discussion about this post