ന്യൂഡല്‍ഹി : ഇന്നത്തെ ഇന്ത്യ ആത്മവിശ്വാസം നിറഞ്ഞതാണെന്നും രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പില്‍ തളരുകയോ കിതയ്ക്കുകയോ ചെയ്യില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ പ്രസംഗിക്കവേയാണ് പുതിയതും കൂടുതല്‍ ഉറച്ചതുമായ ഇന്ത്യയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് അദ്ദേഹം മുന്നോട്ട് വച്ചത്.
“നമ്മള്‍ ഒരു കാര്യം നടത്താന്‍ മനസ്സില്‍ കണ്ടാല്‍, അത് നടത്തിയിരിക്കും. അതാണ് നമ്മുടെ ചരിത്രം. ഇന്നത്തെ ഇന്ത്യ ആത്മവിശ്വാസം നിറഞ്ഞതാണ്. നമ്മള്‍ തളരുകയോ പ്രയത്‌നം നിര്‍ത്തുകയോ കിതയ്ക്കുകയോ ചെയ്യില്ല”, മോദി വ്യക്തമാക്കി. സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം തികയുന്ന 2047 ഓടെ ഇന്ത്യ പൂര്‍ണ്ണമായും വികസിത രാജ്യമാകും. അതിനായുള്ള ശ്രമം പാതി വഴിയില്‍ ഉപേക്ഷിക്കില്ലെന്നും പുരോഗതയിലേക്കുള്ള കുതിപ്പ് തുടരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“അടുത്ത 25 വര്‍ഷത്തിനുള്ളില്‍ സര്‍വ്വ ഐക്യമെന്ന മന്ത്രവുമായാണ് നമ്മള്‍ മുന്നോട്ട് പോകേണ്ടത്”, മോദി പറഞ്ഞു. രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരമെന്ന ചര്‍ച്ചകള്‍ എല്ലാക്കാലത്തും ഉണ്ടാകാറുണ്ടെങ്കിലും അത് യാഥാര്‍ഥ്യമാക്കിയത് ബിജെപി അധികാരത്തിലെത്തിയതിന് ശേഷമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ മെയ് 28 നാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിച്ചത്.
2021 മാര്‍ച്ച് 12 ന് ഗുജറാത്തിലെ അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തില്‍ നിന്ന് ആരംഭിച്ച ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങള്‍ക്ക് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തോടെ സമാപനമായതായി പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ രാജ്യത്തെ സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് നയിക്കുന്നതിനുള്ള ‘അമൃത് കാല്‍’ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post