ന്യൂഡൽഹി: രാജ്യം മുഴുവൻ മണിപ്പൂരിനൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരിലെ നിലവിലെ പ്രശ്‌നം പരിഹരിക്കാനുളള ഏക വഴി സമാധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലായിരുന്നു മണിപ്പൂരിലെ അസ്വസ്ഥതകളെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചത്.
എല്ലാ തർക്കങ്ങൾക്കുമുളള പരിഹാരം സമാധാനമാണ്. മണിപ്പൂരിൽ എത്രയും വേഗം സമാധാനം പുലരാൻ കേന്ദ്രസർക്കാരും സംസ്ഥാനവും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അത് തുടരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്തെ പൗരൻമാരെ കുടുംബാംഗങ്ങളെന്ന് അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെ പ്രസംഗം ആരംഭിച്ചത്.
കുക്കി, മെയ്‌തെയ് വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് സംഘർഷം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരിൽ സ്ഥിതി ശാന്തമായി വരികയാണ്. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്ന ആരോപണമാണ് പ്രതിപക്ഷ പാർട്ടികൾ നിരന്തരം ഉന്നയിച്ചിരുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ തന്നെ മണിപ്പൂർ വിഷയത്തിൽ നരേന്ദ്രമോദി നിലപാട് ആവർത്തിച്ചത് പ്രതിപക്ഷത്തിന് കൂടിയുളള മറുപടിയായി.
വിശ്വാസമാണ് ഇന്ത്യയുടെ ഏറ്റവും വലിയ യോഗ്യത. രാജ്യത്തിന്റെ ശോഭനമായ ഭാവിയിൽ ജനങ്ങൾ സർക്കാരിൽ വിശ്വസിക്കുന്നു. മാറുന്ന ലോകത്തെ പരുവപ്പെടുത്തുന്നതിൽ ലോകജനതയും ഇന്ത്യയെ വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ ജനതയുടെ സാമർത്ഥ്യം തെളിയിക്കപ്പെട്ടതാണ്.
2014 ൽ രാജ്യത്തെ മുന്നോട്ടുനയിക്കാൻ സുസ്ഥിരവും ശക്തവുമായ സർക്കാർ വേണമെന്ന് ജനങ്ങൾ ആഗ്രഹിച്ചു. അതുകൊണ്ടു തന്നെ അസ്ഥിരതയിൽ നിന്ന് രാജ്യം സ്വതന്ത്രമായെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം ആദ്യമെന്നതാണ് ഞങ്ങളുടെ നയങ്ങളുടെ അടിസ്ഥാനം. 2014 ലും 2019 ലും ജനങ്ങൾ അത്തരമൊരു സർക്കാരിനെയാണ് തിരഞ്ഞെടുത്തത്. അതാണ് എല്ലാ പരിഷ്‌കരണങ്ങൾക്കും തനിക്ക് കരുത്ത് പകർന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post