കൊച്ചി : മയക്കുമരുന്നാണ് ഈ രാജ്യത്തിന്റെ പ്രധാന ശത്രുവെന്ന് മേജർ രവി. അതിർത്തിയിലെ ശത്രുക്കളോ ജാതിയോ മതങ്ങളോ അല്ല ഈ അപകടമാണ് യുവാക്കളെ നശിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മയക്കുമരുന്നിനെതിരെ ഒരുമിച്ച് പൊരുതണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കൊച്ചി ഐ.എം.എ ഹോളിൽ ക്ലാസ് ബൈ എ സോൾജ്യർ സിനിമയുടെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഈരാജ്യത്തെ ഓരോ യുവാക്കളും ആരോഗ്യത്തോടെ വളരണം. ഇത് പറയാനുള്ള എല്ലാ അവകാശവും എനിക്കുണ്ട്. മൈനസ് അറുപത് ഡിഗ്രീ തണുപ്പിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്. 24 വർഷം പട്ടാളത്തിൽ ജോലി ചെയ്തു. ഒരു തുള്ളി മദ്യം പോലും ഞാൻ ഉപയോഗിച്ചിട്ടില്ല. അതൊന്നും ഉപയോഗിക്കാതെ അത്രയും തണുപ്പിനെ നേരിടാൻ കഴിയുമെങ്കിൽ പിന്നെ എന്തിനാണ് ഇതൊക്കെ ഉപ്യോഗിച്ച് ആരോഗ്യം മോശമാക്കുന്നത് ? “ മേജർ രവി ചോദിച്ചു.
പ്രായപൂർത്തിയാകാത്ത കുറ്റവാളികളെ പാർപ്പിക്കുന്ന ജയിൽ സന്ദർശിച്ചപ്പോഴുണ്ടായ ഒരു അനുഭവം അദ്ദേഹം പങ്കുവെച്ചു. പതിനേഴു വയസ്സുള്ള പെൺകുട്ടി അനുഭവങ്ങൾ പറഞ്ഞു. അവളെ ആശ്വസിപ്പിച്ച് തിരിച്ച് പോരാൻ നേരം കൈ കൊടുത്തപ്പോഴാണ് അത് ശ്രദ്ധിച്ചത്. അവളുടെ വിരലുകളിലെ എല്ലുകൾ ദ്രവിച്ച് തുടങ്ങിയിരുന്നു. വെറും പതിനേഴ് വയസ്സുള്ള ഒരു കുട്ടിയുടെ അവസ്ഥ കണ്ടപ്പോൾ താൻ ഞെട്ടിപ്പോയെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യമുള്ള ഒരു യുവസമൂഹം നാടിന് അത്യാവശ്യമാണെന്നും അതുകൊണ്ട് തന്നെ മദ്യവും മയക്ക് മരുന്നും ഉപേക്ഷിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post