ബെംഗളൂരു: മദ്യ വ്യാപാരത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് വ്യാപാരിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മലയാളി യുവാവും യുവതിയും അറസ്റ്റില്‍. ബിസിനസ് എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് എന്ന കമ്പനിയുടെ ഉടമയും തൃശ്ശൂര്‍ സ്വദേശിയുമായ സുബീഷ് പി വാസുവും ബിലേക്കഹള്ളി സ്വദേശിനിയായ ശില്‍പ ബാബുവുമാണ് പോലീസ് കസ്റ്റഡിയിലായത്. ഹൈദരാബാദുകാരനായ കെ ആര്‍ കമലേഷ് എന്ന വ്യാപാരിയില്‍ നിന്ന് 65 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് ബെംഗുളൂരു പോലീസിന് കൈമാറി. ഇവര്‍ മാറത്തഹള്ളിയില്‍ ഒരുമിച്ചാണ് താമസം.
കഴിഞ്ഞ വര്‍ഷമാണ് കമലേഷ് ഇവര്‍ക്ക് പണം കൈമാറിയത്. എന്നാല്‍ ഒരു വര്‍ഷം കാത്തിരുന്നിട്ടും വ്യാപാരം തുടങ്ങുകയോ പണം തിരികെ കൊടുക്കുകയോ ചെയ്യാതിരുന്നതിനേ തുടര്‍ന്നാണ് ഇയാള്‍ പോലീസില്‍ കേസ് കൊടുത്തത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ സ്വാധീനമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇരുവരും നിക്ഷേപകരെ സമീപിച്ചിരുന്നത്. കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ ഇവര്‍ക്കെതിരെ നിരവധി പോലീസ് സ്റ്റേഷനുകളില്‍ കേസുണ്ട്. അറസ്റ്റിലായവരെ കോടതി റിമാന്‍ഡ് ചെയ്തു.
Discussion about this post