കന്യാകുമാരി: തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ നയിക്കുന്ന പദയാത്ര 19ാം ദിവസത്തിൽ. എൻ മക്കൾ എൻ മണ്ണ് എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന പദയാത്ര ഇന്ന് കന്യാകുമാരിയിലെത്തി. പദയാത്രയ്ക്കിടെ ജനങ്ങളെ അഭിസംബോധന ചെയ്ത അദ്ദേഹം കേരള, തമിഴ്‌നാട് സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ചു.കേരളത്തിലെയും തമിഴ്‌നാട്ടിലെയും മുഖ്യമന്ത്രിമാർ നടത്തുന്നത് കുടുംബ രാഷ്ട്രീയമാണന്നും കേരളത്തിൽ മകളും മരുമകനുമാണെങ്കിൽ, തമിഴ്നാട്ടിൽ മകനും മരുമകനുമാണ് ഭരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
സ്വാതന്ത്ര്യ ദിനത്തിനോട് അനുബന്ധിച്ച് ദേശീയ പതാക കൈയിലേന്തിയാണ് അണ്ണാമലൈയും മറ്റ് ബിജെപി അംഗങ്ങളും ഇന്ന് പദയാത്രയിൽ നടന്നത്. കളിയിക്കാവിളയിൽ നിന്നും ആരംഭിച്ച പദയാത്രയിൽ കുട്ടികളും സ്ത്രീകളും അടക്കം ആയിരകണക്കിന് ആളുകൾ അണിനിരന്നു. കളിയിക്കാവിളയിൽ വച്ച് ദേശീയ പതാക ഉയർത്തിയ ശേഷമായിരുന്നു യാത്ര ആരംഭിച്ചത്.
മുൻകേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ, സംസ്ഥാന സംഘടനാ സെക്രട്ടറി കേശവ വിനായക്, ജില്ലാ പ്രസിഡന്റ് ധർമരാജ് എന്നിവർ യാത്രയിൽ പങ്കെടുത്തു.നാളെ യാത്രക്ക് വിശ്രമ ദിനം ആയിരിക്കും. തുടർന്ന് വ്യാഴം, വെള്ളി ദിവസങ്ങളിൽ പദയാത്ര കന്യാകുമാരി ജില്ലയിൽ പര്യടനം തുടരും.
Discussion about this post