ചണ്ഡീഗഡ്: തീപിടിത്തമുണ്ടായ ബഹുനില കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന ദേശീയ പതാകയെ സംരക്ഷിച്ച് പോലീസുകാരൻ. പഞ്ചാബ് എസ്‌ഐ കശ്മീർ സിംഗ് ആണ് സ്വന്തം ജീവൻ പോലും വകവയ്ക്കാതെ പതാക ഊരിയെടുത്തത്. അദ്ദേഹത്തിന്റെ ധീരകൃത്യത്തിന്റെ വീഡിയോ പ്രചരിച്ചതോടെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ കയ്യടിയാണ് ഉയരുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മെഹ്ത റോഡിലുള്ള രാഗവ് സ്റ്റീൽ എന്ന സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. തീ പടർന്ന ഉടനെ ജീവനക്കാർ മുഴുവൻ പുറത്തേക്ക് ഓടി. തുടർന്ന് പോലീസിനെയും ഫയർഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു.
ഇത് പ്രകാരം കശ്മീർ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെയാണ് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി സ്ഥാപിച്ച ത്രിവർണ പതാക അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. അപ്പോഴേയ്ക്കും ദേശീയ പതാകയുടെ അടുത്തേയ്ക്ക് തീ ആളാൻ തുടങ്ങിയിരുന്നു. എന്നാൽ ഇത് വകവയ്ക്കാതെ കശ്മീർ സിംഗ് കെട്ടിടത്തിന് മുകളിലേക്ക് അതിസാഹസമായി കയറുകയായിരുന്നു. തുടർന്ന് പതാകയുമായി തിരികെ ഇറങ്ങി.
കശ്മീർ സിംഗിന്റെ സാഹസികത കണ്ട സഹപ്രവർത്തകർ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. പിന്നീട് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. വലിയ അഭിനന്ദനമാണ് കശ്മീർ സിംഗിന് ലഭിച്ചത്.
Discussion about this post