റാഞ്ചി : സൂപ്പർസ്റ്റാർ രജനികാന്തിന്റെ പുതിയ ചിത്രം ജയിലർ ബോക്‌സ് ഓഫീസിൽ വൻ വിജയം നേടി പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിച്ച് മുന്നേറുകയാണ്. ജയിലർ റിലീസിന് ശേഷം ഹിമാലയ യാത്രയിൽ ആയിരുന്നു രജനികാന്ത്. നാലുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് താരം ഹിമാലയത്തിൽ എത്തുന്നത്. ഹിമാലയയാത്രയ്ക്ക് ശേഷം ഇപ്പോൾ തലൈവർ റാഞ്ചിയിലാണ് ഉള്ളത്.
ജാർഖണ്ഡ് രാജ്ഭവനിൽ ഗവർണർ സിപി രാധാകൃഷ്ണനുമായി രജനികാന്ത് കൂടിക്കാഴ്ച നടത്തി. സൂപ്പർസ്റ്റാറിന്റെ അടുത്ത സുഹൃത്താണ് ജാർഖണ്ഡ് ഗവർണർ സിപി രാധാകൃഷ്ണൻ. ഗവർണറെ സന്ദർശിച്ചതിനു ശേഷം രജനികാന്ത് ചിന്നമസ്താദേവിയുടെ അനുഗ്രഹം തേടി രാജ്യത്തെ പ്രശസ്തമായ ശക്തിപീഠമായ റാഞ്ചിയിലെ രാജ്രപ്പ ക്ഷേത്രത്തിൽ ദർശനം നടത്തി.

അപ്രതീക്ഷിതമായിട്ടായിരുന്നു രജനികാന്തിന്റെ രാജ്രപ്പ ക്ഷേത്രദർശനം. എങ്കിലും താരത്തെ കണ്ട് ധാരാളം ആളുകൾ തടിച്ചു കൂടുകയും സെൽഫികൾ പകർത്തുകയും ചെയ്തു. ക്ഷേത്രത്തിൽ കുറച്ച് സമയം ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. മകൾ ഐശ്വര്യയുടെ ‘ലാൽ സലാം’ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലായിരിക്കും രജനികാന്ത് അടുത്തതായി അഭിനയിക്കുന്നത്.












Discussion about this post