ന്യൂഡൽഹി: ഛത്തീസ്ഗഢിലും മദ്ധ്യപ്രദേശിലും തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് പരസ്യമായി തുടക്കം കുറിച്ച് ബിജെപി. ഇരു സംസ്ഥാനങ്ങളിലും ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ചേർന്ന ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം നൽകിയത്.
ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതുവഴി ഇരു സംസ്ഥാനത്തും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കും ബിജെപി തുടക്കം കുറിച്ചിരിക്കുകയാണ്. ഐഎൻഡിഐഎ ബാനറിൽ ചേക്കേറിയ പ്രതിപക്ഷ കൂട്ടായ്മ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നതും ചോദ്യ ചിഹ്നമാണ്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുൻപേയാണ് പാർട്ടി ആദ്യഘട്ട സ്ഥാനാർത്ഥികളെ ഉൾപ്പെടെ അനൗൺസ് ചെയ്തിരിക്കുന്നത്.
മദ്ധ്യപ്രദേശിൽ 39 ലും ഛത്തീസ്ഗഢിൽ 21 മണ്ഡലങ്ങളിലുമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഛത്തീസ്ഗഢിൽ 90 സീറ്റുകളും മദ്ധ്യപ്രദേശിൽ 230 സീറ്റുകളാണ് ഉളളത്. കഴിഞ്ഞ തവണ ബിജെപി വിജയിച്ചതും അല്ലാത്തതും പാർട്ടിക്ക് സ്വാധീനമുളളതും അല്ലാത്തതും എന്ന് തുടങ്ങി മണ്ഡലങ്ങളുടെ ചരിത്രവും സ്വഭാവവും അനുസരിച്ച് തരംതിരിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്താനാണ് പാർട്ടിയുടെ നീക്കം.
മദ്ധ്യപ്രദേശിൽ ഭരണം നിലനിർത്താൻ ശ്രമിക്കുമ്പോൾ ഛത്തീസ്ഗഢിൽ ഭരണം പിടിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. രാജസ്ഥാൻ, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളിലും ഇക്കൊല്ലം അവസാനം തിരഞ്ഞെടുപ്പ് നടക്കും. രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോൺഗ്രസ് സർക്കാരിനെ പുറത്താക്കുകയാണ് ബിജെപിയുടെയും എൻഡിഎയുടെയും ലക്ഷ്യം.
Discussion about this post