മുംബൈ: ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഭീകരവാദ കേസുമായി ബന്ധപ്പെട്ട് പൂനെയിൽ വ്യാപക തിരിച്ചിൽ നടത്തി എൻഐഎ. കേസിൽ അറസ്റ്റിലായ പ്രതി ഷാമിൽ സാഖിബ് നച്ചാനിന്റെ വീട്ടിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തിയത്. പരിശോധനയിൽ വിവിധ രാജ്യവിരുദ്ധ രേഖകൾ പിടിച്ചെടുത്തു.
താനെയിലെ വീട്ടിലും പദ്ഗയിലെ സ്ഥാപനത്തിലുമാണ് പരിശോധന നടത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഷാമിലിനെ വിശദമായി എൻഐഎ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു പരിശോധന. മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്‌കുകൾ, ലാപ്‌ടോപ്പ്, പെൻഡ്രൈവുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. എഴുതി തയ്യാറാക്കിയ രാജ്യവിരുദ്ധ രേഖകൾ ആണ് പരിശോധനയിൽ പിടിച്ചെടുത്തിരിക്കുന്നത്. ഇവയെല്ലാം എൻഐഎ വിശദമായി പരിശോധിക്കും.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആറ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് അറസ്റ്റിലായത്. മറ്റ് പ്രതികളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഷാമിലിനെ പിടികൂടിയത്. ഭീകരാക്രമണത്തിനായി ബോംബും മറ്റ് സ്‌ഫോടക വസ്തുക്കളും നിർമ്മിച്ചതും ഇതിനായി യുവാക്കൾക്ക് പരിശീലനം നൽകിയതും ഇയാളാണ്. സുൽഫിക്കർ അലി ബറോദ്‌വാല, മുഹമ്മദ് ഇമ്രാൻ ഖാൻ, മുഹമ്മദ് യുനസ് സാകി, സിമാബ് നസീറുദ്ദീൻ കാസി, അബ്ദുൾ ഖാദിർ പത്താൻ എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ.
Discussion about this post