ഇടുക്കി : മാവടിയിലെ ഗൃഹനാഥന്റെ മരണം ആസൂത്രിതമായ കൊലമാതകമാണെന്ന് പോലീസ്. സണ്ണിയെ മനപൂര്‍വ്വം വെടി വച്ച് കൊന്നതാണെന്ന് പ്രതികള്‍ പോലീസിനോട് കുറ്റസമ്മതം നടത്തി. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് തെളിവെടുപ്പിന് കൊണ്ട് വന്നതിന്റെ ഇടയില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റ സമ്മതം നടത്തിയത്. മാവടി സ്വദേശികളായ സജി, ബിനു, മുനിയറ സ്വദേശി വിനീഷ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
പ്രതികളിലൊരാളായ ബിനുവിനെ ചാരായം വാറ്റിയ കേസില്‍ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സജിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ബിനു ചാരായം വാറ്റിയത്. എന്നാല്‍ ഈ വിവരം എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ചോര്‍ത്തി നല്‍കിയത് സണ്ണിയാണെന്ന് പ്രതികള്‍ സംശയിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിനാണ് സണ്ണിയെ വെടിവച്ച് കൊലപ്പെടുത്തിയത്.
ചൊവ്വാഴ്ച രാത്രി 11.35 നാണ് വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന സണ്ണി വെടിയേറ്റ് മരിക്കുന്നത്. വന്യ മൃഗത്തിനെ വേട്ടയാടുന്നതിന്റെ ഇടയ്ക്ക് ഉന്നം തെറ്റി സണ്ണിക്ക് വെടിയേല്‍ക്കുകയായിരുന്നു എന്നാണ് പ്രതികള്‍ ആദ്യം നല്‍കിയ മൊഴി. ഇത് വിശ്വസിച്ച പോലീസ് പ്രതികളെ ഇന്ന് തെളിവെടുപ്പിനായി ഇവിടെ കൊണ്ടു വരികയായിരുന്നു. ഇതിനിടെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കേസിന്റെ ഗതി തന്നെ മാറിയത്. കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോന്റെയും നെടുങ്കണ്ടം സിഐ ജര്‍ലിന്‍ വി സ്‌കറിയയുടെയും നേതൃത്വത്തില്‍ 50 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.
Discussion about this post