പത്തനംതിട്ട : തലചായ്ക്കാനൊരിടം പദ്ധതിയുടെ ഭാഗമായി സേവാഭാരതി 35 കുടുംബങ്ങൾക്ക് സൗജന്യമായി ഭൂമി നൽകി. മൂന്നുകല്ലിന് സമീപം സീതാരാമപർവ്വം എന്ന സ്ഥലത്താണ് സേവാഭാരതി ഭൂമി നൽകിയത്. വടശ്ശേരിക്കര ആതിരയിലെ കെ കെ പ്രസാദാണ് പദ്ധതിയുടെ ഭാഗമായി ഭൂമി കൈമാറിയത്. 420 അപേക്ഷകരിൽ നിന്നും തിരഞ്ഞെടുത്ത 35 കുടുംബങ്ങൾക്കാണ് സേവാഭാരതിയുടെ ഓണ സമ്മാനം.
കേരളം നമ്പർ വൺ എന്ന് സർക്കാർ കെട്ടിഘോഷിക്കുമ്പോഴും സ്വന്തമായി ഒരു തുണ്ടു ഭൂമിയോ വീടോ ഇല്ലാത്തവർ കേരളത്തിൽ ധാരാളം ഉണ്ടെന്നും അവർ ഇതുപോലെ സുമനസുകളുടെ നന്മയ്ക്കായി കാത്തിരിക്കുകയാണെന്നും ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു. കിടപ്പാടം ഇല്ലാത്ത സഹജീവികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി അവർക്കായി സ്വന്തം ഭൂമി സൗജന്യമായി ദാനം ചെയ്ത കെ കെ പ്രസാദ് എല്ലാവർക്കും മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ സേവാഭാരതി സീതത്തോട് യൂണിറ്റ് പ്രസിഡന്റ് കെ സജികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഇ പി കൃഷ്ണൻ നമ്പൂതിരി ഭൂദാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സൗജന്യമായി ഭൂമി ദാനം ചെയ്ത കെ കെ പ്രസാദിനെ ആദരിച്ചു. സേവാഭാരതി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഡി അശോക് കുമാർ, രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് കാര്യവാഹ് ജി വിനു, ജില്ലാ സേവാ പ്രമുഖ് ജെ ബിജു, ഖണ്ഡ് കാര്യവാഹ് സോണി ബാബു എന്നിവർ സംസാരിച്ചു.
Discussion about this post