ചെന്നൈ: രജനികാന്ത് ചിത്രം ജയിലറിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി. സിനിമയ്ക്ക് എ സർട്ടിഫിക്കേറ്റ് നൽകണം എന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്. സിനിമയിലെ കൊലപാതക രംഗങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിൽ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
സിനിമയ്‌ക്കെതിരെ പൊതുതാത്പര്യ ഹർജിയാണ് ലഭിച്ചിരിക്കുന്നത്. അഭിഭാഷകനായ എംഎൽ രവിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. സിനിമയിൽ തല അറക്കുന്നതിന്റെയും മറ്റും ക്രൂരമായ കൊലപാതകങ്ങളുടെ രംഗമുണ്ട്. ഇത് കാണുന്നവരിൽ അക്രമ വാസനയുണ്ടാകും. അതിനാൽ സിനിമയ്ക്ക് എ സർട്ടിഫിക്കേറ്റ് നൽകണം എന്നാണ് ആവശ്യം. നിലവിൽ ചിത്രത്തിന് യുഎ സർട്ടിഫിക്കേറ്റാണ്.
ഹൈക്കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് മുൻപാകെയാണ് ഹർജി ലഭിച്ചിരിക്കുന്നത്. ഹർജിയിൽ അന്തിമ തീരുമാനം ആകുന്നതുവരെ സിനിമയുടെ പ്രദർശനം നിർത്തിവയ്ക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് രജനികാന്തിന്റെ മാസ് ചിത്രം ജയിലർ തിയറ്ററുകളിൽ റിലീസ് ചെയ്തത്. ആദ്യ ദിനം മുതൽ സിനിമയ്ക്ക് വലിയ പ്രേഷക പ്രീതിയാണ് ലഭിക്കുന്നത് ചിത്രം 500 കോടി ക്ലബ്ബിലേക്ക് അടുത്തുകൊണ്ടിരിക്കേയാണ് ഹർജി ലഭിച്ചിരിക്കുന്നത്.
Discussion about this post