തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ ഉയർന്ന മാസപ്പടി വിവാദത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക പരിശോധന ആരംഭിച്ചു. കളളപ്പണം വെളുപ്പിക്കലിന് പുറമേ നികുതി വെട്ടിപ്പും അന്വേഷണവിധേയമാകുമെന്നാണ് സൂചന.
നിലവിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തതിനാൽ ഇഡിക്ക് കേസെടുക്കാൻ കഴിയില്ല. എന്നാൽ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ വിധിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാകുമോയെന്നും ഉദ്യോഗസ്ഥർ പരിശോധിക്കും.
2017 മുതൽ 2020 വരെയുളള കാലയളവിൽ കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) വീണയ്ക്ക് പ്രതിമാസം അഞ്ച് ലക്ഷം രൂപ വീതം നൽകിയിരുന്നതിന്റെ രേഖകളാണ് പുറത്തുവന്നത്. 1.72 കോടി രൂപയാണ് ഇങ്ങനെ നൽകിയത്. സേവനങ്ങൾ നൽകാതെയാണ് മുഖ്യമന്ത്രിയുടെ മകൾക്ക് കമ്പനി പണം നൽകിയതെന്നും ആദായനികുതി തർക്ക പരിഹാര ബോർഡ് കണ്ടെത്തിയിരുന്നു.
വീണ വിജയന്റെ എക്‌സലോജിക് കമ്പനിയും സിഎംആർഎൽ കമ്പനിയും കൺസൾട്ടൻസി സേവനങ്ങൾക്കായി കരാർ ഉണ്ടാക്കിയിരുന്നു. ഇതിന്റെ പേരിലാണ് പണം നൽകിയത്. വീണയ്ക്ക് അഞ്ച് ലക്ഷം രൂപ നൽകിയതിന് പുറമേ എക്‌സലോജിക്കിന് 3 ലക്ഷം രൂപയും ഓരോ മാസവും നൽകിയിരുന്നു.
ആരോപണം സംസ്ഥാനത്ത് രാഷ്ട്രീയ വിവാദമായതിന് പിന്നാലെയാണ് ഇഡിയും പ്രാഥമിക പരിശോധന നടത്തുന്നത്. വീണയുടെ കമ്പനി 30 ലക്ഷത്തോളം രൂപ ജിഎസ്ടി അടയ്‌ക്കേണ്ട സ്ഥാനത്ത് 6 ലക്ഷം രൂപ മാത്രമാണ് അടച്ചതെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
Discussion about this post