ന്യൂഡൽഹി: ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ സ്വപ്‌ന ദൗത്യമായ ചാന്ദ്രയാൻ 3 യുടെ രണ്ടാം ഘട്ട ഡീ ബൂസ്റ്റിംഗ് പ്രക്രിയയും വിജയകരം. പേടകത്തിന്റെ അവസാന ഡീ ബൂസ്റ്റിംഗ് ആണിത്. ചന്ദ്രനിൽ നിന്നും 25 കിലോമീറ്റർ വരെ മാത്രം അകലെയുളള ഭ്രമണപഥത്തിലാണിപ്പോൾ പേടകം. ഇനി ലാൻഡിംഗിനായുളള കാത്തിരിപ്പാണെന്നും അതിലേക്കുളള നടപടികളിലേക്ക് കടക്കുമെന്നും ഐഎസ്ആർഒ അറിയിച്ചു.
ആഗസ്റ്റ് 23 ന് വൈകിട്ടോടെയാണ് സോഫ്റ്റ് ലാൻഡിംഗ് ആരംഭിക്കുക. ലാൻഡറിന്റെ വേഗത കുറയ്ക്കുന്ന പ്രവർത്തനമാണ് ഡീ ബൂസ്റ്റിംഗ്. ചന്ദ്രന്റെ ഏറ്റവും അടുത്ത് 25 കിലോമീറ്ററും അകലെ 134 കിലോമീറ്ററും വരുന്ന ഭ്രമണപഥത്തിലാണ് പേടകം ഇപ്പോഴുളളത്. പേടകത്തിന് മറ്റ് തകരാറുകൾ ഒന്നുമില്ലെന്ന് ഉറപ്പ് വരുത്തുന്നതിനുളള പരിശോധനകൾ ആരംഭിച്ചതായി ഐഎസ്ആർഒ അറിയിച്ചു.
ലാൻഡിംഗിനുളള കൃത്യമായ പോയിന്റ് ചന്ദ്രനിലെ സൂര്യോദയത്തിന് ശേഷമേ തീരുമാനിക്കൂ. ഇതിനായി കാത്തിരിക്കുകയാണെന്നും ഐഎസ്ആർഒ ട്വിറ്ററിലൂടെ പറഞ്ഞു. 23 ന് വൈകിട്ട് 5.45 ന് ചാന്ദ്രയാൻ ചന്ദ്രോപരിതലത്തിൽ ഇറങ്ങുമെന്നാണ് കരുതുന്നത്.
ചന്ദ്രയാൻ-3 ലാൻഡറിന് ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ വിക്രം സാരാഭായിയുടെ പേരാണ് നൽകിയിരിക്കുന്നത്. ദൗത്യം വിജയകരമായാൽ ഈ നേട്ടം എത്തിപ്പിടിക്കുന്ന ലോകത്തിലെ നാലാമത്തെ രാഷ്ട്രമായി ഇന്ത്യ മാറും.
ഇന്ത്യയ്ക്ക് പിന്നാലെ റഷ്യയും ചന്ദ്രനിലേക്ക് പേടകം അയച്ചിരുന്നു. എന്നാൽ ലൂണ 25 പേടകത്തിന് സാങ്കേതിക തകരാർ നേരിട്ടത് ദൗത്യം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഒരു ചെറിയ പിഴവ് പോലും ഉണ്ടാകാത്ത വിധത്തിൽ സൂക്ഷ്മതയോടെയാണ് ഐഎസ്ആർഒയുടെ നീക്കം.
Discussion about this post