തൊടുപുഴ : നമ്പർ പ്ലേറ്റിൽ മാസ്‌ക് വെച്ച് മറച്ച് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തയാളുടെ ലൈസൻസ് മോട്ടോർവാഹന വകുപ്പ് സസ്‌പെന്റ് ചെയ്തു. സി.ജെ. ജ്യോതിഷിന്റെ(22) ഡ്രൈവിംഗ് ലൈസൻസ് ആണ് മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ. സസ്പെൻഡ് ചെയ്തത്.
മാസ്‌ക് ഉപയോഗിച്ച് നമ്പർ പ്ലേറ്റ് മറച്ച് അപകടകരമായ വിധത്തിൽ ഇയാൾ വാഹനം ഓടിക്കുകയായിരുന്നു. തൊടുപുഴ ട്രാഫിക് പോലീസിന്റെ വാഹന പരിശോധനയിലാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ വാഹനം കസ്റ്റഡിയിൽ എടുത്തു. പോലീസ് അറിയിച്ചതിനെ തുടർന്ന് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടറിന്റെ നേതൃത്വത്തിലുള്ള എൻഫോഴ്സ്മെന്റ് വിഭാഗം സ്റ്റേഷനിൽ എത്തി വാഹനം പരിശോധിച്ചു.
വാഹന ഉടമയെയും വാഹനം ഓടിച്ചിരുന്ന ആളെയും വെങ്ങല്ലൂർ കൺട്രോൾ റൂമിൽ നേരിട്ട് വിളിപ്പിച്ച് കേസെടുത്തു. തുടർന്നാണ് ലൈസൻസ് സസ്‌പെന്റ് ചെയ്തത്. പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി പ്രത്യേക പരിശോധന നടത്തുന്നതിന് തീരുമാനമായിരുന്നു. ഇതിലൂടെ നിരവധി ഗതാഗത നിയമലംഘനങ്ങളാണ് പിടികൂടുന്നത്.
Discussion about this post