കൊച്ചി : നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങള്‍ ചോര്‍ത്തിയെന്ന കേസില്‍ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ അതിജിവിത നല്‍കിയ ഹര്‍ജിയിലെ വാദം കേള്‍ക്കുന്നത് മാറ്റി വയ്ക്കണമെന്ന നടന്‍ ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. കേസില്‍ അന്വേഷണത്തിന് സഹായിക്കാനായി അഭിഭാഷകന്‍ രഞ്ജിത്ത് മാരാരെ അമിക്കസ്‌ക്യൂറിയായും ഹൈക്കോടതി നിയമിച്ചു. അതിജീവിതയുടെ ഹര്‍ജിയില്‍ വിധി പറയുന്നതും കോടതി മാറ്റി. പീഡനക്കേസില്‍ വാദം കേട്ട കോടതി വിധി പറയുന്നത് തടയാനാണ് അതിജീവിത പുതിയ ഹര്‍ജി സമര്‍പ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇതിന്റെ വാദം കേള്‍ക്കുന്നത് മാറ്റി വയ്ക്കണമെന്ന ആവശ്യം ദിലീപ് ഉന്നയിച്ചത്.
അതേസമയം, ഇരയെന്ന നിലയില്‍ തന്റെ മൗലിക അവകാശം സംരക്ഷിക്കാന്‍ കോടതിക്ക് ഉത്തരവാദിത്തമുണ്ടെന്നായിരുന്നു അതിജീവിതയുടെ വാദം. അതിന് അന്വേഷണം നടക്കണമെന്നും സംഭവത്തിനു പിന്നിലുള്ള പ്രതികളെ പുറത്തുകൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരും ഇതില്‍ അതിജീവിതയെ പിന്തുണച്ചു. തുടര്‍ന്ന് കോടതി ഈ ഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു.
എന്നാല്‍ അതിജീവിത നല്‍കിയ ഹര്‍ജിക്ക് മറ്റു പല ഉദ്ദേശ്യങ്ങളുമുണ്ടെന്നാണ് ദിലീപിന്റെ ആരോപണം. പീഡന കേസില്‍ 250ലധികം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയ ജഡ്ജി വിധി പറയുന്നത് തടയുകയെന്നതാണ് അതിജീവിതയുടെയും പ്രോസിക്യൂഷന്റെയും ഉദ്ദേശം. മാത്രമല്ല, മെമ്മറി കാര്‍ഡ് ചോര്‍ന്നു എന്നു പറയുന്നത് തെറ്റായ വ്യാഖ്യാനമാണ്. അതിനുള്ള തെളിവ് തന്റെ കൈവശമുണ്ട്. വിചാരണ വേളയില്‍ അക്കാര്യങ്ങള്‍ പുറത്തുകൊണ്ടുവരും. ഫൊറന്‍സിക് സയന്‍സ് ലാബോറട്ടറി സാക്ഷികളെ ഇനിയും വിസ്തരിക്കാനുണ്ട്. ആ ഘട്ടത്തില്‍ ഇതെല്ലാം പുറത്തു കൊണ്ടുവരുമെന്നും, ഇപ്പോള്‍ പുറത്തുവിട്ടാല്‍ വിചാരണയെ ബാധിക്കുമെന്നുമാണ് ദിലീപിന്റെ വാദം. കൂടാതെ കേസ് മാറ്റിവയ്‌ക്കേണ്ടതിന്റെ ആവശ്യകത വെളിപ്പെടുത്തുന്ന വിവരങ്ങള്‍ സീല്‍ഡ് കവറില്‍ കോടതിയില്‍ ഹാജരാക്കാനും തയ്യാറാണെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു.
അതേസമയം, കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്നതുവഴി നിര്‍ണായകമായ തെളിവു നശിപ്പിക്കാനുള്ള കൃത്യമായ ശ്രമമാണു നടന്നതെന്നാണ് അതിജീവിതയുടെ വാദം. കൂടാതെ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരിയായ അതിജീവിത കോടതിയെ സമീപിച്ചത്.
Discussion about this post