ശ്രീനഗർ: ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. രണ്ട് ഭീകരരെ വധിച്ചു. പൂഞ്ച് ജില്ലയിലെ ബലാക്കോട്ട് സെക്ടറിൽ രാത്രിയോടെയായിരുന്നു സംഭവം.
അതിർത്തിവഴി നുഴഞ്ഞു കയറ്റ ശ്രമം ഉണ്ടാകാൻ സാദ്ധ്യതയുള്ളതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി പ്രദേശത്ത് എത്തിയതായിരുന്നു സുരക്ഷാ സേന. കശ്മീർ പോലീസും ഒപ്പമുണ്ടായിരുന്നു. നിരീക്ഷണം തുടരുന്നതിനിടെ സെക്ടറിലെ അതിർത്തിവഴി നുഴഞ്ഞു കയറ്റ ശ്രമം ശ്രദ്ധയിൽപ്പെട്ടു.
യഥാർത്ഥ നിയന്ത്രണ രേഖ വഴിയായിരുന്നു നുഴഞ്ഞു കയറ്റ ശ്രമം. നീക്കം ശ്രദ്ധയിൽപ്പെട്ടതോടെ ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചുു. ഏറ്റുമുട്ടൽ ശക്തമായതോടെ ഭീകരർ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ ഇവർക്ക് വെടിയേൽക്കുകയായിരുന്നു.
ഏറ്റുമുട്ടലിന് ശേഷം നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. കൂടുതൽ ഭീകരർ നുഴഞ്ഞുകയറാൻ സാദ്ധ്യതയുള്ളതിനാൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.









