മലപ്പുറം : തുവ്വൂരില്‍ യുവതിയെ കൊന്നു കുഴിച്ചുമൂടിയ കേസിലെ മുഖ്യപ്രതി വിഷ്ണുവിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. യൂത്ത് കോണ്‍ഗ്രസിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി വാര്‍ത്താകുറിപ്പിലൂടെ ആണ് വിഷ്ണുവിനെ പുറത്താക്കിയ വിവരം അറിയിച്ചത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സ്ഥാനത്ത് നിന്നും കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നുമാണ് വിഷ്ണുവിനെ പുറത്താക്കിയത്.
തുവ്വൂര്‍ കൃഷിഭവനിലെ താല്‍ക്കാലിക ജീവനക്കാരിയായ സുജിതയെ കൊന്നുകുഴിച്ചുമൂടിയ കേസിലെ മുഖ്യപ്രതിയാണ് വിഷ്ണു. ഇയാളുടെ വീട്ടുമുറ്റത്ത് നിന്നുമാണ് സുജിതയുടെ മൃതദേഹം കണ്ടെടുത്തത്. വിഷ്ണു, പിതാവ് മുത്തു എന്ന് വിളിക്കുന്ന കുഞ്ഞുമോന്‍, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാന്‍ എന്നിവരെയാണ് ഈ കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
തുവ്വൂര്‍ പള്ളിപ്പറമ്പ് സ്വദേശി മനോജിന്റെ ഭാര്യയാണ് സുജിത. ഈ മാസം 11 മുതല്‍ സുജിതയെ കാണാതായിരുന്നു. യുവതിയുടെ ആഭരണങ്ങള്‍ കവരുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.
Discussion about this post