ജോഹനാസ്‌ബർ : ഇന്ത്യ നിക്ഷേപ സൗഹൃദ രാജ്യമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനത്തിന് തടസ്സമായി നിന്ന ചുവപ്പ് നാട സംസ്കാരം നിക്ഷേപ സൗഹൃദത്തിന്റെ ചുവപ്പ് പരവതാനിക്ക് വഴിമാറി. പുതിയ ഇന്ത്യക്ക് അടിസ്ഥാനമൊരുക്കാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞുവെന്നും പ്രധാനമന്ത്രി ബ്രിക്സ് സമ്മേളനത്തിൽ വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്ഘടനയാണ് ഇന്ത്യ. കഴിഞ്ഞ 9 വർഷത്തിനിടെ ജനങ്ങളുടെ വരുമാനം ഇരട്ടിയോളമായി. ഡിജിറ്റൽ കൈമാറ്റം ഏറ്റവും കൂടുതൽ നടക്കുന്ന രാജ്യമാണ് ഇന്ത്യ. ലോകത്തെ മൂന്നാമത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റവും ഇന്ത്യയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായി. പ്രതിരോധത്തിൽ സ്വകാര്യ മേഖലക്ക് അവസരം കൊടുത്തു. നിക്ഷേപകർക്കും സംരംഭകർക്കും കീറാമുട്ടിയായിരുന്ന ചുവപ്പ് നാട കുരുക്കുകൾ അവസാനിച്ചു. അദ്ദേഹം പറഞ്ഞു.
നേരത്തെ ജോഹനാസ്ബർഗിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ദക്ഷിണാഫ്രിക്കൻ ഡെപ്യൂട്ടി പ്രസിഡന്റ് പോൾ ഷിപോകോസയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ഇന്ത്യൻ വംശജരുടേയും പ്രവാസി ഇന്ത്യക്കാരുടേയും ഗംഭീര സ്വീകരണ പരിപാടികളും നടന്നു.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്സ്. നാല്പതിലധികം രാജ്യങ്ങൾ കൂട്ടായ്മയുടെ ഭാഗമാകാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിൽ ലോക ജനസംഖ്യയുടെ നാൽപ്പത് ശതമാനം പങ്കാളിത്തമുള്ള കൂട്ടായ്മയാണ് ബ്രിക്സ്. ലോകത്തെ വ്യവസായത്തിന്റെ പതിനാറു ശതമാനവും ബ്രിക്സ് രാജ്യങ്ങളിലാണ്.
Discussion about this post