തൃശ്ശൂര്‍ : താനൊരു ഇമോഷണല്‍ ബീസ്റ്റാണെന്ന് നടന്‍ സുരേഷ് ഗോപി. ട്രോളന്‍മാരെ ഭയമില്ല അവര്‍ക്ക് വേണ്ടി തന്നെയാണ് ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ട്രാന്‍സ് വ്യക്തികളുടെ ഓണാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“താന്‍ വളരെ പെട്ടെന്ന് വികാരാധീനനാകും. ഇത് പറയുമ്പോള്‍ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് ചിലര്‍ ട്രോളുമെന്ന് അറിയാം. എന്നാല്‍ ട്രോളപ്പെടുന്നവരേപ്പോലെ ട്രോളുന്നവരേയും ജനം വിലയിരുത്തും. ഇപ്പോള്‍ പലരും വേട്ടയാടപ്പെടുന്നേ എന്ന നിലവിളിയാണ്. വേട്ടയാടുന്നവരേയും വേട്ടയാടപ്പെടുന്നവരേയും കാണുന്നവര്‍ക്ക് നന്നായി അറിയാം”, സുരേഷ് ഗോപി പറഞ്ഞു. താനൊരു ദേഷ്യക്കാരനായത് രാഷ്ട്രീയത്തിലിറങ്ങിയതിന് ശേഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതീക്ഷ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഉത്തംകുമാര്‍ അധ്യക്ഷനായി. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാര്‍, കൗണ്‍സിലര്‍ പൂര്‍ണിമാ സുരേഷ്, പി.ആര്‍. ശിവശങ്കരന്‍, ദേവൂട്ടി ഷാജി, സംവിധായകന്‍ വിഷ്ണുമോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കവി വിജയരാജമല്ലിക, ഡോ. വി.എസ്. പ്രിയ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ട്രാന്‍സ് വ്യക്തികള്‍ക്ക് ആദരമായി ഓണപ്പുടവയും ഫലകവും സുരേഷ് ഗോപി കൈമാറി.
Discussion about this post