ന്യൂഡൽഹി: നാൽപ്പത്തിയൊന്ന് ദിവസത്തെ പ്രയാണത്തിനൊടുവിൽ ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി ഇറങ്ങിയ ചന്ദ്രയാൻ-3ന്റെ വിജയം ആഹ്ലാദത്തോടെയും അഭിമാനത്തോടെയും ആഘോഷമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ എത്തിച്ചേരുന്ന ലോകത്തിലെ ആദ്യ രാജ്യം എന്ന റെക്കോർഡ് ഇന്ത്യക്ക് സമ്മാനിച്ചതിന് ഐ എസ് ആർ ഓക്കും രാജ്യത്തെ ജനങ്ങൾക്കും നന്ദി അറിയിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ലക്ഷ്യങ്ങൾ ചന്ദ്രനിൽ മാത്രം ഒതുങ്ങുന്നില്ലെന്നും, അനന്തമായ വിജ്ഞാന പ്രവാഹമാണ് ബഹിരാകാശ രംഗത്ത് ഭാരതം ലക്ഷ്യം വെക്കുന്നതെന്നും ബ്രിക്സ് ഉച്ചകോടിയിൽ പ്രസംഗിക്കവെ പ്രധാനമന്ത്രി പറഞ്ഞു. ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ ഭാവി പദ്ധതികൾ കൂടുതൽ വിശാലമായിരിക്കും എന്ന സൂചനയാണ് പ്രധാനമന്ത്രി ഈ പ്രസ്താവനയിലൂടെ നൽകിയിരിക്കുന്നത്.
ഇന്ന് ഓരോ ഇന്ത്യക്കാരനും ആഘോഷിക്കുകയാണ്. ഓരോ ഭവനങ്ങളും ആഹ്ലാദഭരിതമാണ്. അഭിമാനകരമായ ഈ മുഹൂർത്തത്തിൽ ഞാനും എന്റെ രാജ്യത്തെ ജനങ്ങൾക്കൊപ്പം ആഹ്ലാദത്തിൽ പങ്കുചേരുന്നു. ഇത് ഒരു പുതുയുഗപ്പിറവിയാണ്. പ്രധാനമന്ത്രി പറഞ്ഞു.
സൂര്യനെ കുറിച്ച് പഠനം നടത്താൻ ലക്ഷ്യമിട്ടുള്ള ആദിത്യ എൽ1 ആണ് ഐ എസ് ആർ ഒയുടെ അടുത്ത സ്വപ്ന പദ്ധതിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ശുക്രനെ കുറിച്ചുള്ള പഠനവും ഐ എസ് ആർ ഒയുടെ സമീപകാല ലക്ഷ്യമാണ്. ആകാശം ഒന്നിന്റെയും അതിരല്ല എന്ന് ഭാരതം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. ശാസ്ത്രവും സാങ്കേതിക വിദ്യയുമാണ് രാജ്യ പുരോഗതിയുടെ അടിസ്ഥാന ശിലകളെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യൻ സമയം വൈകുന്നേരം 6.04നാണ് ചന്ദ്രയാൻ-3ന്റെ വിക്രം ലോഞ്ചർ ചന്ദ്രോപരിതലത്തിൽ വിജയകരമായി സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. ചന്ദ്രനെക്കുറിച്ചുള്ള ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകൾക്ക് പുതിയ മാനങ്ങൾ നൽകുന്നതാണ് ഇന്ത്യയുടെ ഈ വിജയമെന്ന് ശാസ്ത്രലോകം ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നു.
Discussion about this post