ചാന്ദ്രയാൻ -3 ദൗത്യത്തിന്റെ വിജയത്തിൽ ഏറെ സന്തോഷിക്കുന്ന വ്യക്തിയാണ് മുൻ ഐഎസ്ആർഒ മേധാവി ഡോ. കെ. ശിവൻ. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് ചെയ്യുന്നത് വരെയുള്ള നിമിഷങ്ങൾ ഏറെ ഉദ്വേഗം നിറഞ്ഞതായിരുന്നു എന്നാണ് ദൗത്യത്തിന്റെ വിജയത്തിന് ശേഷം കെ. ശിവൻ പ്രതികരിച്ചത്. രാജ്യത്തെ ജനങ്ങൾക്കും ശാസ്ത്രജ്ഞർക്കും അദ്ദേഹം ആശംസകൾ അറിയിച്ചു. ചാന്ദ്രയാൻ 3 ന്റെ വിജയം യഥാർത്ഥത്തിൽ കാലം കാത്തുവെച്ച കാവ്യനീതി ആണെന്ന് പറയാം. കെ. ശിവന് രാഷ്ട്രം നൽകിയ സ്നേഹ സമ്മാനം തന്നെയാണ് ചാന്ദ്രയാൻ 3 ന്റെ ചരിത്ര വിജയം.
ചാന്ദ്രയാൻ-2 അവസാന മണിക്കൂറിൽ പരാജയപ്പെട്ടതിനുശേഷം വികാരാധീനനായി പൊട്ടിക്കരഞ്ഞ ഡോ. കെ. ശിവനെ പ്രധാനമന്ത്രി നരേന്ദ്രമോദി കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചത് ഓരോ ഇന്ത്യക്കാരന്റെയും കണ്ണ് നിറയിച്ച കാഴ്ചയായിരുന്നു. 2020 സെപ്റ്റംബറിൽ ആയിരുന്നു അത്. ചന്ദ്രയാൻ 2 ലാൻഡർ ‘വിക്രം’ ചന്ദ്രനിലേക്കുള്ള ഇറക്കം ആരംഭിച്ചപ്പോൾ തന്നെ ബഹിരാകാശ ഏജൻസിക്ക് ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഇതേത്തുടർന്നാണ് ചന്ദ്രയാൻ 2 ദൗത്യം പരാജയപ്പെടുന്നത്.
2020 സെപ്തംബറിൽ ബംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്തിന് പുറത്ത് ശാസ്ത്രജ്ഞരോടും രാജ്യത്തെ ജനങ്ങളോടും നടത്തിയ പ്രസംഗത്തിന് ശേഷമാണ് ഡോ. കെ. ശിവനെ മോദി കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന കാഴ്ച ഏവരുടെയും കണ്ണു നനയിച്ചത്. പ്രധാനമന്ത്രി മോദിയും അന്ന് ഏറെ വികാരാധീനനായിട്ടായിരുന്നു സംസാരിച്ചത്. പരാജയത്തിൽ പതറാതെ മുന്നോട്ടു തന്നെ നടക്കാൻ അന്ന് പ്രധാനമന്ത്രി ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ ഒരു ശാസ്ത്ര ദൗത്യം പരാജയപ്പെട്ടപ്പോഴും, വലിയ നഷ്ടമുണ്ടായപ്പോഴും സംയമനം പാലിച്ചുകൊണ്ട് തന്റെ ശാസ്ത്രജ്ഞരെ ആശ്വസിപ്പിക്കാൻ ആയി ഇന്ത്യൻ പ്രധാനമന്ത്രി എത്തിയത് അന്ന് ആഗോളതലത്തിൽ തന്നെ ചർച്ചയായിരുന്നു.
അന്ന് പ്രധാനമന്ത്രി നൽകിയ ആശ്വാസവചനങ്ങളും ധൈര്യവും പ്രചോദനവും ഒന്നും വെറുതെയായില്ല എന്ന് ഇപ്പോൾ കാലം തെളിയിച്ചു കഴിഞ്ഞു. അന്ന് ഐഎസ്ആർഒ മേധാവി ആയിരുന്ന കെ. ശിവനെ ഇന്ന് നിറഞ്ഞ ചിരിയോടെയാണ് മാധ്യമങ്ങൾ കണ്ടത്. ശാസ്ത്രജ്ഞരുടെയും രാഷ്ട്രത്തിന്റെയും നാലുവർഷത്തെ കാത്തിരിപ്പാണ് വിജയം കണ്ടതെന്നും അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ഇച്ഛാശക്തിയും പ്രചോദനവും ശാസ്ത്രജ്ഞരുടെ കഠിനാധ്വാനവും ഇന്ന് ഇന്ത്യയെ പ്രപഞ്ചത്തിന്റെ നെറുകയിൽ തന്നെയാണ് എത്തിച്ചിരിക്കുന്നത്.
Discussion about this post