തിരുവനന്തപുരം; ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയകരമായ ലാൻഡിംഗിലൂടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവം ശാസ്ത്രലോകത്തിന് മുന്നിൽ അനാവൃതമാകുമെന്ന് മുൻ ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ. അവിശ്വസനീയമായ നേട്ടമാണ് നാം സ്വന്തമാക്കിയിരിക്കുന്നത്. വീഴ്ചകളെ അവസരമാക്കി നേടിയെടുത്ത മഹാവിജയം എന്നാണ് താൻ ഇതിനെ വിശേഷിപ്പിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ഇത് ഐ എസ് ആർ ഒക്കും ഇന്ത്യക്കും മനുഷ്യവംശത്തിന് ആകെയും മഹത്തായ സുദിനമാണ്. അവിശ്വസനീയമായ നേട്ടമാണ് നമ്മൾ ഇന്ന് സ്വന്തമാക്കിയിരിക്കുന്നത്. ചിലവിന്റെ കാര്യത്തിലായാലും ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന കാര്യത്തിലായാലും ഇത് അതുല്യമായ നേട്ടമാണ്.
ഒരു വീഴ്ചയ്ക്ക് ശേഷം നേടുന്ന മഹാവിജയം എന്നതാണ് ഈ നേട്ടത്തിന്റെ പ്രസക്തി. അതുകൊണ്ടാണ് ഇതിനെ അവിശ്വസനീയം എന്ന് വിശേഷിപ്പിച്ചത്. ആദ്യ വീഴ്ചയ്ക്ക് ശേഷമുള്ള ചുരുങ്ങിയ നാളുകൾ കൊണ്ട് നമ്മൾ വലിയ തോതിൽ ഗൃഹപാഠം ചെയ്തു. സമയത്തിന്റെ വില ലോകത്തെ ബോദ്ധ്യപ്പെടുത്തിയ അനശ്വര നേട്ടമാണ് ഇത്. ചന്ദ്രയാൻ-2ന്റെ എല്ലാ വീഴ്ചകളെയും നമ്മൾ ശരിയായ രീതിയിൽ അഭിസംബോധന ചെയ്തു. നമ്പി നാരായണൻ പറഞ്ഞു.
ചന്ദ്രയാൻ 2ന്റെ കുറവുകളെ നമ്മൾ ഒരർത്ഥത്തിൽ നമുക്ക് അനുകൂലമാക്കി മാറ്റി. നമ്മൾ മികച്ച നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. വിക്ഷേപണ സമയത്ത് തന്നെ ചന്ദ്രയാൻ-3 വിജയം ഉറപ്പിച്ചിരുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഐ എസ് ആർ ഒക്കും അഭിനന്ദനങ്ങൾ അറിയിക്കുകയാണെന്നും നമ്പി നാരായണൻ വ്യക്തമാക്കി.
Discussion about this post