ന്യൂഡൽഹി: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമെന്ന നേട്ടത്തിന്റെ ആഘോഷങ്ങൾക്ക് പിന്നാലെ ചന്ദ്രയാൻ-3ന്റെ ഏറ്റവും പുതിയ വിവരങ്ങൾ പങ്കുവെച്ച് ഐ എസ് ആർ ഒ. ചന്ദ്രയാന്റെ സുരക്ഷിതമായ ലാൻഡിംഗിന് പിന്നാലെ, വിക്രം ലാൻഡറിൽ നിന്നും വേർപെട്ട പ്രഗ്യാൻ റോവർ ചന്ദ്രനിൽ യാത്ര ആരംഭിച്ചതായി ഐ എസ് ആർ ഒ സ്ഥിരീകരിച്ചു. പ്രഗ്യാന്റെ പ്രയാണം വിജയകരമായി മുന്നേറുകയാണെന്നാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന വിവരം.
https://twitter.com/isro/status/1694545322251571687
റോവർ നടന്നിറങ്ങി എന്നാണ് പ്രഗ്യാന്റെ മുന്നേറ്റത്തെ ഐ എസ് ആർ ഒ എക്സിൽ വിശേഷിപ്പിച്ചത്. ചന്ദ്രന് വേണ്ടി ഇന്ത്യയിൽ നിർമ്മിച്ച ചന്ദ്രയാൻ-3 റോവർ എന്നും ഐ എസ് ആർ ഒ ആവേശത്തോടെ ട്വീറ്റ് ചെയ്യുന്നു. പ്രഗ്യാൻ വിക്രമിൽ നിന്നും വേർപെട്ട വിവരം നേരത്തേ തന്നെ പുറത്ത് വന്നിരുന്നു.
വിക്രം ലാൻഡറിൽ നിന്നും പ്രഗ്യാൻ റോവർ ചന്ദ്രനിൽ ഇറങ്ങിയതിന് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുർമു ഐഎസ്ആർഒയ്ക്ക് വീണ്ടും അഭിനന്ദനങ്ങൾ അറിയിച്ചു. റോവറിൽ നിന്നുള്ള വിവരങ്ങൾ ചന്ദ്രനെക്കുറിച്ചുള്ള നമ്മുടെ അറിവ് വർദ്ധിപ്പിക്കുമെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
അതേസമയം ചന്ദ്രയാൻ ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിന് ഇന്ത്യക്ക് അഭിനന്ദന പ്രവാഹം തുടരുകയാണ്. നാസ, ബ്ലൂ ഒറിജിൻ, യുകെ സ്പേസ് ഏജൻസി, റഷ്യയുടെ റോസ്കോസ്മോസ് എന്നിവർ ഐ എസ് ആർ ഒയെ അഭിനന്ദിച്ച് കഴിഞ്ഞ ദിവസം തന്നെ രംഗത്ത് വന്നിരുന്നു.
Discussion about this post