ന്യൂഡൽഹി : ഓസ്കാർ പുരസ്കാരത്തിനും ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനും ശേഷം ഈ വർഷത്തെ ദേശീയ സിനിമ പുരസ്കാരങ്ങളിലും തിളങ്ങി നിൽക്കുകയാണ് സംഗീതസംവിധായകൻ എം എം കീരവാണി. 26 വർഷങ്ങൾക്ക് ശേഷമാണ് കീരവാണിക്ക് വീണ്ടും ദേശീയ പുരസ്കാരം ലഭിക്കുന്നത്. പക്ഷേ ഇത്തവണ മികച്ച ഗായകനുള്ള പുരസ്കാരവുമായി മകനും ഒപ്പം ഉണ്ട്. കീരവാണിയുടെ മകൻ കാലഭൈരവയാണ് ഇത്തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയത്.
കോഡൂരി മരകതമണി കീരവാണി എന്ന എം എം കീരവാണിയുടെ രണ്ടാമത്തെ ദേശീയ പുരസ്കാരമാണിത്. 26 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും അദ്ദേഹത്തിന്റെ കൈകളിലേക്ക് ദേശീയ പുരസ്കാരം എത്തുന്നത്.
2022ൽ പുറത്തിറങ്ങിയ എസ് എസ് രാജമൗലി സംവിധാനം ചെയ്ത RRR എന്ന ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയതിനാണ് കീരവാണിക്ക് ഇത്തവണ ദേശീയ പുരസ്കാരം ലഭിച്ചത്. മുൻപ് 1997 ൽ അന്നമയ്യ എന്ന ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയതിനും അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. മലയാളത്തിലും മികച്ച ഗാനങ്ങൾ ഒരുക്കി ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിയാണ് കീരവാണി. നീലഗിരി, സൂര്യമാനസം, ദേവരാഗം എന്നിവയാണ് കീരവാണി മലയാളത്തിൽ സംഗീതസംവിധാനം നിർവഹിച്ച സിനിമകൾ.
RRR എന്ന ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ആലപിച്ചതിനാണ് കീരവാണിയുടെ മകൻ കാലഭൈരവയ്ക്ക് ഇത്തവണത്തെ ദേശീയ പുരസ്കാരം ലഭിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നട ഭാഷകളിൽ പ്രവർത്തിക്കുന്ന ഗായകനും സംഗീത സംവിധായകനും ആണ് കാലഭൈരവ. വിവിധ ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിക്കുകയും പതിനാലോളം സിനിമകൾക്ക് സംഗീതസംവിധാനം ഒരുക്കുകയും ചെയ്തിട്ടുള്ള കാലഭൈരവയ്ക്ക് ആദ്യമായാണ് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിക്കുന്നത്.
Discussion about this post