കൊല്‍ക്കത്ത: ജാദവ്പൂര്‍ സര്‍വ്വകലാശാല ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വിദ്യാര്‍ഥി വീണ് മരിച്ച സംഭവത്തില്‍, വിദ്യാര്‍ഥി അതിക്രൂര റാഗിങ്ങിന് ഇരയായതായി പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. നിര്‍ബന്ധിച്ച് വസ്ത്രം അഴിപ്പിക്കുകയും ലൈംഗിക പീഡനത്തിനിരയാക്കുയും ചെയ്തു. സീനിയേഴ്‌സില്‍ നിന്ന രക്ഷപെടാനായി ഹോസ്റ്റല്‍ കെട്ടിടത്തിലൂടെ നഗ്നനായി ഓടുന്നതിനിടയിലാണ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് വിദ്യാര്‍ഥി മരണപ്പെടുന്നതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഓഗസ്റ്റ് 9ാം തീയതി രാത്രിയാണ് 17 വയസ്സുകാരനെ ഹോസ്റ്റലില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
നേരത്തെയും കുട്ടി നിരവധി തവണ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും വിധേയനായിട്ടുണ്ടെന്ന് കുടുംബം ആരോപിച്ചു. സംഭവവുമായി ബന്ധമുള്ള സര്‍വ്വകലാശാലയിലെ നിലവിലുള്ളവരും മുന്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 123 പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്.
ഓഗസ്റ്റ് 9ന് രാത്രി വിദ്യാര്‍ഥിയെ രണ്ടാ നിലയിലെ 70 )0 നമ്പര്‍ മുറിയിലേക്ക് സീനിയേഴ്‌സും മുന്‍ വിദ്യാര്‍ഥികളും അടങ്ങുന്ന സംഘം വിളിപ്പിക്കുകയായിരുന്നു. ശേഷം നിര്‍ബന്ധപൂര്‍വ്വം വസ്ത്രങ്ങള്‍ അഴിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് ഹോസ്റ്റല്‍ ഇടനാഴിയിലൂടെ നഗ്നനായി പരേഡ് ചെയ്യാന്‍ നിര്‍ബന്ധിച്ചു. തന്നെ സീനിയേഴ്‌സ് പിന്തുടരുന്നു എന്ന് മനസ്സിലാക്കിയ വിദ്യാര്‍ഥി പേടിച്ച് രക്ഷപെടാനായി ഹോസ്റ്റലിലെ ഓരോ മുറികളിലേക്കും ഓടുന്നതിന്റെ ഇടയിലാണ് വീണ് കൊല്ലപ്പെടുന്നതെന്ന് കൊല്‍ക്കത്ത പോലീസ് പറഞ്ഞു.
അറസ്റ്റിലായവരില്‍ 12 പേര്‍ കുട്ടിയുടെ മരണത്തില്‍ നേരിട്ട് പങ്ക് വഹിച്ചവരാണെന്നും ഇവര്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. രാത്രി 11 മണിവരെ റാഗിങ് തുടര്‍ന്നിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വിദ്യാര്‍ഥി വീണതെങ്ങനെയാണെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്. ഇതിനായി കൂടുതല്‍ വിപുലമായ അന്വേഷണം ആവശ്യമാണെന്ന് പോലീസ് അറിയിച്ചു.
പോലീസ് അന്വേഷണം വഴിതിരിച്ച് വിടാനായി അറസ്റ്റിലായ പ്രതികളിലൊരാള്‍ സൃഷ്ടിച്ച വാട്ട്സ്ആപ്പ് ഗ്രൂപ്പും പോലീസിന് ലഭിച്ചു. റാഗിങ്് ഭാഗം മറച്ചുവെച്ച് പോലീസിനെ വഴിതെറ്റിക്കാന്‍ അറസ്റ്റിലായ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
അതേസമയം, 17 കാരനായ വിദ്യാര്‍ത്ഥിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍വകലാശാല രൂപീകരിച്ച സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് 48 മണിക്കൂറിനുള്ളില്‍ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാണ്.
Discussion about this post