വയനാട്: തലപ്പുഴയിൽ ജീപ്പ് അപകടത്തിൽപ്പെട്ട് മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ന് സംസ്‌കരിക്കും. പൊതുദർശനത്തിന് ശേഷം വൈകീട്ടോടെയാകും ഒൻപതുപേരുടെയും സംസ്‌കാര ചടങ്ങുകൾ നടക്കുക. നിലവിൽ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.
രാവിലെ എട്ട് മണിയോടെയാകും പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിക്കുക. ഇതിനായി നാല് ടേബിളുകൾ ക്രമീകരിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിനായി കൂടുതൽ സർജന്മാരെ ഇവിടെയെത്തിക്കും. ഏകദേശം 11 മണിയോടെ തന്നെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാകുമെന്നാണ് വിവരം. ഇതിന് ശേഷം മൃതദേഹങ്ങൾ മക്കിമലയിലേക്ക് കൊണ്ടു പോകും. മക്കിമല എൽപി സ്‌കൂളിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വയ്ക്കും.
പൊതുദർശന ശേഷം വൈകീട്ട് മൂന്ന് മണിയോടെയാകും സംസ്‌കാര ചടങ്ങുകൾ. ഒൻപത് മൃതദേഹങ്ങളും ഒന്നിച്ച് സംസ്‌കരിക്കണോ, അതോ ബന്ധുക്കൾക്ക് കൈമാറണോ എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. കുടുംബാംഗങ്ങളുമായി ആലോചിച്ച ശേഷം ഇക്കാര്യം തീരുമാനിക്കും.
അതേസമയം അപകടത്തിന്റെ പശ്ചാത്തലത്തിൽ മാനന്തവാടി താലൂക്കിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും ഒഴിവാക്കി. മക്കിമല സ്വദേശികളായ ചിത്ര, ശോഭന, കാർത്യായനി, ഷാജ. ചിന്നമ്മ, റാബിയ, ലീല, ശാന്ത, റാണി എന്നിവരാണ് മരിച്ചത്.
Discussion about this post