ബംഗളൂരു: ദിവസങ്ങൾ നീണ്ട വിദേശപര്യടനത്തിന് ശേഷം രാജ്യത്ത് തിരിച്ചെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ ആറ് മണിയോടെയായിരുന്നു അദ്ദേഹം ബംഗളൂരുവിലെ എച്ച്എഎൽ വിമാനത്താവളത്തിൽ എത്തിയത്. ഇവിടെ നിന്നും ശാസ്ത്രജ്ഞരെ കാണാൻ ഐഎസ്ആർഒയിലേക്ക് തിരിച്ചു.
അദ്ദേഹത്തെ കാണാൻ വിമാനത്താവളത്തിന് പുറത്ത് നിരവധി പേരാണ് തടിച്ചു കൂടിയത്. ഇവരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. മോദി മോദി വിളികളോടെയായിരുന്നു പ്രധാനമന്ത്രിയെ ആളുകൾ സ്വാഗതം ചെയ്തത്. ചാന്ദ്രയാൻ മൂന്ന് ദൗത്യം വിജയകരമാകുന്ന വേളയിൽ രാജ്യത്ത് ഇല്ലാതിരുന്നതിനാൽ തന്നെ തന്നെ തനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. എത്രയും വേഗം രാജ്യത്ത് എത്താനും ശാസ്ത്രജ്ഞരെ അഭിനന്ദിക്കാനും മനസ്സ് വെമ്പൽ കൊണ്ടു. ഇതേ തുടർന്നാണ് രാജ്യത്ത് എത്തിയാൽ ആദ്യം ഐഎസ്ആർഒയിലേക്ക് പോകാൻ തീരുമാനിച്ചത് എന്നും അദ്ദേഹം പ്രതികരിച്ചു.
അഭിസംബോധനയ്ക്ക് ശേഷം റോഡ് ഷോയായാണ് അദ്ദേഹം ഐസ്ആർഒയുടെ ഇസ്ട്രാക് ക്യാമ്പസിലേക്ക് പോകുന്നത്. ദേശീയ പതാകകളും കയ്യിലേന്തി നിരവധി പേരാണ് അദ്ദേഹത്തെ കാണാൻ വഴിയരികിൽ തടിച്ച് കൂടിയിട്ടുള്ളത്. ഇസ്ട്രാകിലെ കൺട്രോൾ സെന്ററിലാണ് പ്രധാനമന്ത്രി ആദ്യം സന്ദർശനം നടത്തുക. ഇവിടെയെത്തി ലാൻഡറിലിൽ നിന്നും റോവറിൽ നിന്നും ലഭിച്ച വിവരങ്ങൾ വിലയിരുത്തും. ഇതിന് ശേഷം ലാൻഡർ പകർത്തിയ ദൃശ്യങ്ങൾ പരിശോധിക്കും. ഇതിന് പിന്നാലെയാകും ശാസ്ത്രജ്ഞരെ നേരിട്ട് കണ്ട് അഭിനന്ദനങ്ങൾ അറിയിക്കുക.
ബഹിരാകാശ ഗവേഷണ രംഗത്തെ ഇന്ത്യയുടെ നേട്ടങ്ങൾക്കെല്ലാം പിന്നിൽ ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനവും നിശ്ചയ ദാർഢ്യവുമാണെന്ന് ബംഗളൂരുവിൽ എത്തിയതിന് പിന്നാലെ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ബംഗളൂരുവിൽ എത്തി. ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തുന്ന നിമിഷത്തിനായി ആകംഷയോടെ കാത്തിരിക്കുന്നു. ചാന്ദ്രയാൻ മൂന്ന് ദൗത്യം വിജയിപ്പിച്ച് രാജ്യത്തിന്റെ അഭിമാനം ഉയർത്തിയവരാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post