വ്യത്യസ്ത രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങളും വ്യോമാക്രമണങ്ങളുമെല്ലാം നമ്മൾ കേട്ടിട്ടുണ്ടായിരിക്കും , എന്നാൽ ഇന്ത്യക്ക് സ്വന്തം മണ്ണിൽ തന്നെ രണ്ടുതവണ വ്യോമാക്രമണങ്ങൾ നടത്തേണ്ടി വന്നിട്ടുണ്ട്. 1966-ൽ മിസോറാമിൽ നടന്ന മിസോ കലാപത്തിലും നാഗാലാൻഡിലെ വംശീയ കലാപത്തിലും ആണ് ഇന്ത്യൻ സൈന്യത്തിന് സ്വന്തം രാജ്യത്ത് തന്നെ വ്യോമാക്രമണം നടത്തേണ്ടിവന്നത്.
മിസോ കലാപം
1966-ന്റെ തുടക്കത്തിലായിരുന്നു മിസോയെ ആശാന്തമാക്കിയ കലാപം അരങ്ങേറുന്നത്. മിസോറാം സംസ്ഥാനം രൂപപ്പെടുന്നതിന് മുമ്പ് ആസാമിലെ ഒരു ജില്ലയായിരുന്നു മിസോ. ഇവിടെ 1966 ഫെബ്രുവരി 28-ന് ആരംഭിച്ച കലാപമാണ് മിസോ കലാപം. മിസോ നാഷണൽ ഫ്രണ്ടിന്റെ നേതൃത്വത്തിലുള്ള ഒരു വിഘടനവാദ പ്രസ്ഥാനമായിരുന്നു ഈ കലാപത്തിന് തിരികൊളുത്തിയത്.
മിസോകൾക്ക് ഒരു പരമാധികാര സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെ ഇന്ത്യൻ സർക്കാരിന് എതിരായി നടത്തപ്പെട്ട കലാപമായിരുന്നു ഇത്. സംഘർഷം നിലനിന്നിരുന്ന മിസോയിൽ ഒരു അസം റൈഫിൾസ് ബറ്റാലിയനും ഏതാനും ബിഎസ്എഫ് കമ്പനികളും സേവനമനുഷ്ഠിച്ചിരുന്നു. മറ്റൊരു അസം റൈഫിൾസ് ബറ്റാലിയനെ കൂടി മിസോ മലനിരകളിൽ സ്ഥാപിക്കാൻ അന്നത്തെ കേന്ദ്രസർക്കാർ തീരുമാനിച്ചത് മിസോ നാഷണൽ ഫ്രണ്ടിനെ കൂടുതൽ പ്രകോപിതരാക്കി. ഇതിനകം തന്നെ ചില എംഎൻഎഫ് നേതാക്കൾ അന്നത്തെ കിഴക്കൻ പാകിസ്താൻ ( ഇപ്പോഴത്തെ ബംഗ്ലാദേശ് ) സന്ദർശിക്കുകയും സൈനിക ആയുധങ്ങളും പരിശീലനവും കരസ്ഥമാക്കുകയും ചെയ്തിരുന്നു.
1962-ലെ ഇന്ത്യ-ചൈന യുദ്ധവും 1965-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധവും കാരണം ഇന്ത്യൻ സായുധസേന കൂടുതലായും ചൈന, പാകിസ്താൻ അതിർത്തികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സമയമായിരുന്നു മിസോകൾ കലാപത്തിനായി തിരഞ്ഞെടുത്തത്. ഈ സമയത്ത് മേഖലയിലെ ഏറ്റവും വലിയ നഗരമായ ഐസ്വാളിന്റെയും മിസോ കുന്നുകളുടെയും നിയന്ത്രണം അധീനതയിൽ ആക്കാനായി മിസോ നാഷണൽ ഫ്രണ്ട് നടത്തിയ നീക്കമായിരുന്നു ‘ഓപ്പറേഷൻ ജെറിക്കോ’. ഐസ്വാളിൽ തങ്ങളുടെ പതാക 48 മണിക്കൂർ സമയം സ്ഥാപിക്കാൻ കഴിയുമെങ്കിൽ, പാകിസ്താൻ പോലുള്ള മറ്റ് രാജ്യങ്ങൾ മിസോ പ്രദേശത്തെ ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിക്കുകയും ഐക്യരാഷ്ട്രസഭയിൽ സ്വതന്ത്ര രാഷ്ട്രത്തിനായുള്ള തങ്ങളുടെ വാദം ഉന്നയിക്കുകയും ചെയ്യുമെന്ന് മിസോ നാഷണൽ ഫ്രണ്ട് പ്രതീക്ഷിച്ചു.
1966 ലെ ഫെബ്രുവരി അവസാന ദിവസത്തിലെ രാത്രിയിൽ മേഖലയിലെ അസം റൈഫിൾസ് ക്യാമ്പിനും 5 ബിഎസ്‌എഫ് പോസ്റ്റുകൾക്കും നേരെ എംഎൻഎഫ് ഒരേസമയം ആക്രമണം നടത്തി. രണ്ട് സൈനികരും വിഘടനവാദികളിലെ ഏതാനും പേരും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തുടർന്ന് മിസ്സോയിൽ നടന്നത് വിഘടനവാദികളുടെ അഴിഞ്ഞാട്ടമായിരുന്നു. ഭൂരിഭാഗം സർക്കാർ ഓഫീസുകളും ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്ത കലാപം പൊട്ടിപ്പുറപ്പെട്ടു.
ഇതോടെയാണ് ഇന്ത്യൻ സൈന്യത്തിന് ഈ പ്രദേശത്ത് വ്യോമാക്രമണം നടത്തേണ്ടി വന്നത്. മാർച്ച് 4-ന് ഐഎഎഫ് ജെറ്റ് ഫൈറ്ററുകൾ മെഷീൻ ഗൺ ഉപയോഗിച്ച് ഐസ്വാളിലെ മിസോ നാഷണൽ ഫ്രണ്ടിന്റെ ക്യാമ്പുകൾ തകർത്തു. തൊട്ടടുത്ത ദിവസവും അഞ്ചു മണിക്കൂറോളം നീണ്ട വ്യോമാക്രമണം മിസോയിലുണ്ടായി. വിഘടനവാദികൾ പിടിച്ചെടുത്ത സ്ഥലങ്ങളെല്ലാം തന്നെ ഇന്ത്യൻ സർക്കാർ തിരിച്ചുപിടിച്ചു. എങ്കിലും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇന്ത്യൻ സർക്കാരിന് സ്വന്തം പ്രദേശത്ത് തന്നെ വ്യോമാക്രമണം നടത്തേണ്ടി വന്നതിന്റെ പേരിൽ മിസോ കലാപം ഇന്നും ശ്രദ്ധ നേടുന്നു.
നാഗാലാൻഡിലെ വംശീയ കലാപം
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപേ തന്നെ സംഘർഷങ്ങൾ നിലനിന്നിരുന്ന നാഗ പ്രദേശത്തെ സ്ഥിതി കൂടുതൽ വഷളാക്കിയത് 1956-ൽ നടന്ന നാഗാ കലാപം ആയിരുന്നു. ഇന്ത്യയിൽ നിന്ന് നാഗാ പ്രദേശങ്ങൾ വേർപെടുത്താൻ ലക്ഷ്യമിട്ട് നാഗാ നാഷണൽ കൗൺസിലിന്റെ (NNC) നേതൃത്വത്തിലുള്ള സായുധ വംശീയ സംഘട്ടനമായിരുന്നു ഇത്. ഇന്ത്യയിൽ നിന്നും വിഘടിക്കുകയും നാഗാലാൻഡ് എന്ന പരമാധികാര രാഷ്ട്രം സ്ഥാപിക്കുകയും ചെയ്യുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. 1952 മാർച്ച് 22-ന് സായുധ കലാപത്തിനായി നാഗ നേതാവ് ഫിസോ അണ്ടർഗ്രൗണ്ട് നാഗാ ഫെഡറൽ ഗവൺമെന്റും (NFG) നാഗ ഫെഡറൽ ആർമിയും (NFA) രൂപീകരിച്ചു. ബർമ്മ വഴി ചൈനയിൽ നിന്നും കിഴക്കൻ പാകിസ്താനിൽ നിന്നും ഇവർക്ക് ആയുധങ്ങളടക്കമുള്ള സഹായങ്ങൾ ലഭിച്ചിരുന്നു. തുടർന്ന് നാഗ പ്രദേശത്ത് അരങ്ങേറിയ ഇന്ത്യാവിരുദ്ധ കലാപം അടിച്ചമർത്താനായി വ്യോമസേനയുടെ നേതൃത്വത്തിലുള്ള വ്യോമാക്രമണങ്ങൾ ഈ പ്രദേശത്ത് നടന്നിരുന്നു. ഇന്ത്യൻ എയർ ജെറ്റുകൾ ഈ പ്രദേശത്ത് സ്ഥിരമായി പെട്രോളിംഗ് നടത്തുകയും വിഘടനവാദികളുടെ ക്യാമ്പുകൾക്ക് നേരെ ബോംബിംഗ് നടത്തുകയും ചെയ്തു. ചെറുപീരങ്കികൾ ഉപയോഗിച്ച് 20mm പീരങ്കി ഷെല്ലുകൾ കൊണ്ടുള്ള ആക്രമണങ്ങളും വിഘടനവാദികൾ തമ്പടിച്ചിരുന്ന സ്ഥലങ്ങളിലേക്ക് നടത്തിയിരുന്നു.
ഈ രണ്ടു സംഭവങ്ങളിൽ മാത്രമാണ് ഇന്ത്യൻ സൈന്യം സ്വന്തം രാജ്യത്ത് തന്നെ വ്യോമാക്രമണം നടത്തിയിട്ടുള്ളത്. പിന്നീട് ഇതുവരെയായി കമ്മ്യൂണിസ്റ്റ് ഭീകരവാദം അടക്കമുള്ള നിരവധി തീവ്രവാദ പ്രവർത്തനങ്ങളും കലാപങ്ങളും പല മേഖലകളിലും ഉണ്ടായിട്ടും ഒരു വ്യോമാക്രമണത്തെക്കുറിച്ച് ഇന്ത്യ ചിന്തിച്ചിട്ടില്ല. AFSPA പോലുള്ള നിയമനിർമാണങ്ങളിൽ വ്യോമസേനയെ കലാപ നിയന്ത്രണങ്ങൾക്കായി ഉപയോഗിക്കാം എന്നുണ്ടായിട്ട് പോലും രാജ്യത്തെ പൗരന്മാർക്ക് ഹാനികരമാകുന്ന യാതൊരു ആക്രമണവും ഇന്ത്യൻ സൈന്യത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
Discussion about this post