ഒരു റസ്റ്റോറന്റ് ജോലിക്കാരെ തേടുന്ന പരസ്യമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. സിംഗപ്പൂരിലെ ഒരു റസ്റ്റോറന്റിനാണ് ജോലിക്കാരെ ആവശ്യമുള്ളത്. സർവീസ് വിഭാഗത്തിലേക്കും കിച്ചൻ വിഭാഗത്തിലേക്കും ആണ് ജോലി ഒഴിവുകൾ ഉള്ളത്. എന്നാൽ അതിശയിപ്പിക്കുന്ന കാര്യം ഒരു കോർപ്പറേറ്റ് സ്ഥാപനത്തിലെ ജോലിക്കാർക്ക് ലഭിക്കുന്നതിനേക്കാൾ വലിയ ശമ്പളവും ആനുകൂല്യങ്ങളും എല്ലാമാണ് ഈ റസ്റ്റോറന്റ് ജോലിക്കാർക്ക് വാഗ്ദാനം ചെയ്യുന്നത്.
സിംഗപ്പൂരിലെ അജുമ്മാസ് റസ്റ്റോറന്റ് ആണ് ഈ വമ്പൻ ഓഫറുമായി രംഗത്തെത്തിയിട്ടുള്ളത്. 3300 സിംഗപ്പൂർ ഡോളർ അഥവാ 2 ലക്ഷത്തോളം ഇന്ത്യൻ രൂപ വരെയാണ് ഇവിടെ ജോലിക്കാർക്ക് ശമ്പള വാഗ്ദാനം. എന്നാൽ അതുകൊണ്ട് തീരുന്നില്ല അതിശയിപ്പിക്കുന്ന പല ആനുകൂല്യങ്ങളും ഇതോടൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്. സ്റ്റാഫ് അലവൻസുകൾ, വാർഷിക ഇൻക്രിമെന്റ്, ലീവ്, മെഡിക്കൽ ആനുകൂല്യങ്ങൾ, ആരോഗ്യ ആനുകൂല്യങ്ങൾ, ആരോഗ്യ പരിശോധനാ സബ്‌സിഡികൾ, വർഷത്തിൽ രണ്ടുതവണ ബോണസ്, ഒരോ വർഷവും സ്പോൺസർ ചെയ്ത ഡെന്റൽ ആനുകൂല്യങ്ങൾ, പ്രതിമാസ വരുമാന ഇൻസെന്റീവ് ബോണസ്, അധിക ഇൻഷുറൻസ് പരിരക്ഷ, റഫറൽ ബോണസ്, ഭക്ഷണ വ്യവസ്ഥകൾ, ജീവനക്കാരുടെ പഠന കോഴ്സിനായി സ്പോൺസർഷിപ്പുകൾ എന്നിവയെല്ലാമാണ് ഈ റസ്റ്റോറന്റ് ജോലിക്കാർക്ക് നൽകുന്ന ആനുകൂല്യങ്ങൾ.
ഈ റിക്രൂട്ട്മെന്റ് പോസ്റ്റർ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാവുകയാണ്. ഗബ്ബാർ സിംഗ് എന്ന എക്സ് അക്കൗണ്ട് ഈ പരസ്യചിത്രം അപ്‌ലോഡ് ചെയ്തതിനുശേഷം ഏതാണ്ട് ഒരു ലക്ഷത്തോളം പേരാണ് ഇത് കണ്ടിരിക്കുന്നത്. ഇന്ത്യയിലെ ഒരു കോർപ്പറേറ്റ് സ്ഥാപനത്തിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ ശമ്പളവും മികച്ച ആനുകൂല്യങ്ങളും ആണ് ഇതെന്നാണ് പലരും ഈ ചിത്രത്തിന് കമന്റ് രേഖപ്പെടുത്തുന്നത്.











