ന്യൂഡൽഹി : നിലവിലെ വായുമലിനീകരണതോത് തുടർന്നാൽ ഡൽഹിയിലെ ജനങ്ങളുടെ 11.9 വർഷത്തെ ആയുസ്സ് കുറയ്ക്കുമെന്ന് പുതിയ പഠനം. ചിക്കാഗോ സർവകലാശാലയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ ഡൽഹി ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ വായുമലിനീകരണം നേരിടുന്ന നഗരമാണെന്ന് കണ്ടെത്തി. ഇന്ത്യയിൽ ഏറ്റവും മലിനമായ വായു ഉള്ള ജില്ല പഞ്ചാബിലെ പത്താൻകോട്ട് ആണെന്നും പഠനറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ എയർ ക്വാളിറ്റി ലൈഫ് ഇൻഡക്സ് പ്രകാരം ഇന്ത്യയിലെ 90 ശതമാനത്തിലേറെ ജനങ്ങളും ജീവിക്കുന്നത് ലോകാരോഗ്യ സംഘടന നിശ്ചയിച്ചിട്ടുള്ള 5 μg/m3 എന്ന മലിനീകരണ പരിധി കവിയുന്ന പ്രദേശങ്ങളിലാണ്. ഉയർന്ന തോതിലുള്ള വായു മലിനീകരണം തുടരുന്നത് ഒരു ശരാശരി ഇന്ത്യക്കാരന്റെ ആയുർദൈർഘ്യം 5.3 വർഷം കുറയ്ക്കുമെന്നും ഈ പഠനം പറയുന്നു.
ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവുമായ ഘടകങ്ങൾ ആണ് വടക്കൻ സമതലങ്ങളിലെ കണികാ മലിനീകരണം രൂക്ഷമാക്കുന്നത്. ഇതോടൊപ്പം പരിസ്ഥിതിയിലെ മനുഷ്യന്റെ ഇടപെടലും മലിനീകരണം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. ഡൽഹി പോലുള്ള പ്രദേശങ്ങളിൽ ജനസാന്ദ്രത വളരെയേറെ കൂടുതലായതിനാൽ വാഹന, പാർപ്പിട, കാർഷിക സ്രോതസ്സുകളിൽ നിന്നുമുള്ള മലിനീകരണത്തിന്റെ അളവും അനിയന്ത്രിതമായി കൂടുന്നുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോർട്ട് പ്രകാരം ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ, ചൈന, നൈജീരിയ, ഇന്തോനേഷ്യ എന്നിവയാണ് ഏറ്റവും കൂടുതൽ വായുമലിനീകരണമുള്ള രാജ്യങ്ങൾ.
Discussion about this post