തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ ന്യായീകരണവുമായി സിപിഎം നേതാവ് എം എ ബേബി. മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ ഇതാണ് ഏറ്റവും വലിയ സംഭവമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചന്ദ്രയാന്‍ പോലും ഇതിനു മുന്നില്‍ ഒന്നുമല്ല എന്ന നിലയിലാണ് കാര്യങ്ങള്‍. ഇത്തരത്തിലുള്ള ബാലിശമായ ശൈലി മാധ്യമങ്ങളുടെ അന്തസ്സിനു നിരക്കുന്നതല്ലെന്ന് ബേബി അഭിപ്രായപ്പെട്ടു. കേരളത്തിലെ വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്തം വഹിക്കുന്നയാളുടെ ബന്ധുവാണ് ഈ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത് എന്ന് പറയേണ്ട യാതൊരു ആവശ്യവുമില്ലാത്ത സ്ഥലത്താണ് ബന്ധപ്പെട്ട അതോറിറ്റി അത്തരമൊരു പരാമര്‍ശം നടത്തിയതെന്നും ബേബി ആരോപിച്ചു.
‘സംസ്ഥാന സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റും അതു സംബന്ധിച്ച് വിശദീകരിച്ചതാണ്. കേന്ദ്രസര്‍ക്കാര്‍ അവര്‍ക്ക് വശംവദരാകാത്ത പാര്‍ട്ടികളെയും രാഷ്ട്രീയ നേതാക്കളെയും അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടാനുള്ള ശ്രമം ഇന്ത്യയിലെമ്പാടും നടത്തുകയാണ്. അതിന്റെ ഭാഗമാണ് ഇതും. കേരളത്തിലെ വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്തം വഹിക്കുന്നയാളുടെ ബന്ധുവാണ് ഈ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത് എന്ന പരാമര്‍ശം നടത്തേണ്ട ഒരു കാര്യവും ഇല്ലാത്തിടത്താണ് ഇപ്പോള്‍ ഇത് പറഞ്ഞിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് വായിച്ചാലറിയാം. ഇത് അവരുടെ പരിഗണനയ്ക്കു വരേണ്ട വിഷയമല്ല. അവിടെത്തന്നെ കള്ളി വെളിച്ചത്തായി. നികുതി കൊടുത്തിട്ടുണ്ടോ, സേവനം നല്‍കിയിട്ടുണ്ടോ എന്നതൊക്കെ ആര്‍ക്കും പരിശോധിക്കാവുന്നതേയുള്ളൂ’, എം എ ബേബി പറഞ്ഞു.
ഒരുകൂട്ടം മാധ്യമങ്ങള്‍ എല്ലാ ദിവസവും വൈകുന്നേരം അങ്ങനെയാണോ ഇങ്ങനെയാണോ എന്നൊക്കെ ചോദിക്കുകയാണ. അവര്‍ക്ക് വേറൊരു വിഷയവും ചര്‍ച്ച ചെയ്യാനില്ല. ആളുകള്‍ ആവരെ പരിഹസിക്കുകയാണ്. അത്രയേ അതിനെക്കുറിച്ചു എനിക്ക് പറയാനുള്ളൂ. നിങ്ങള്‍ക്ക് ഇതാണ് ലോകത്തിലെ ഏറ്റവും വലിയ സംഭവം. ചന്ദ്രയാന്‍ പോലും ഇതിനു മുന്നില്‍ ഒന്നുമല്ല എന്ന നിലയിലാണ് മാധ്യമങ്ങളുടെ ഇത്തരത്തിലുള്ള ബാലിശമായ ശൈലികള്‍. ഇത് മാധ്യമങ്ങളുടെ അന്തസ്സിനു നിരക്കുന്നതല്ലെന്നും എംഎ ബേബി ചൂണ്ടിക്കാട്ടി.
അതേസമയം, പുത്തുപ്പള്ളി തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കേണ്ട വിഷയത്തില്‍ ഇടത് മുന്നണി വിജയിച്ചിട്ടുണ്ട്. ഇടതി മുന്നണിക്ക് അനുകൂലമായ മാറ്റം മണ്ഡലത്തില്‍ കാണാമുണ്ടെന്നും സ്ഥാനാര്‍ഥി എന്ന നിലയില്‍ ജെയ്ക്ക് സി തോമസ് ജനങ്ങളെ ആകര്‍ഷിച്ചിട്ടുണ്ടെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.
Discussion about this post